News

ഉത്തരവ് ലംഘിച്ചു റിസോര്‍ട്ട് നിര്‍മാണം: നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു

സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് പണി തുടര്‍ന്ന റിസോര്‍ട്ടിലെ നിര്‍മാണസാമഗ്രികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. പള്ളിവാസല്‍ വില്ലേജില്‍ രണ്ടാംമൈലിനു സമീപം ദേശീയപാതയോരത്ത് സര്‍വേനമ്പര്‍ 35/17, 19-ല്‍പ്പെട്ട ഭൂമിയിലാണ് വന്‍ റിസോര്‍ട്ടിന്‍റെ നിര്‍മാണം നടക്കുന്നത്. പോലീസുദ്യോഗസ്ഥനായ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു കെട്ടിടംപണി. രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കുകയും റവന്യൂ വകുപ്പിന്റെ പരാതിയിന്മേല്‍ ഉടമയ്‌ക്കെതിരേ വെള്ളത്തൂവല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ വീണ്ടും കെട്ടിടം പണി തുടരുകയായിരുന്നു.

ഭൂസംരക്ഷണസേന, മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ കെ.കെ.വര്‍ഗീസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സാമഗ്രികള്‍ പിടിച്ചെടുത്തത്. ഇവ വെള്ളത്തൂവല്‍ പോലീസിനു കൈമാറി. ഏഴുനിലയിലായി 50 മുറിയുള്ള റിസോര്‍ട്ടാണിത്.