India

രാജ്‌നഗര്‍- ഡല്‍ഹി ഹിന്‍ഡന്‍ മേല്‍പാത 30ന് തുറക്കും

ഡല്‍ഹി അതിര്‍ത്തിയിലുള്ള യുപി ഗേറ്റ് മുതല്‍ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍വരെയുള്ള ഹിന്‍ഡന്‍ മേല്‍പാത ഈ മാസം 30ന് ഗതാഗതത്തിനായി തുറക്കും. 10.3 കിലോമീറ്റര്‍ നീളമുള്ള പാത അന്തിമ പരിസ്ഥിതി അനുമതി ലഭിച്ചതോടെ ഗതാഗത അനുമതി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. കവിനഗറിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

പാതയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ മുന്‍പ് പൂര്‍ത്തിയായിരുന്നെങ്കിലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ അനുമതി നീണ്ടുപോയതിനെത്തുടര്‍ന്ന് ഉദ്ഘാടനം വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗാസിയാബാഗ് വികസന അതോറിറ്റി യോഗമാണു പാത തുറക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കിയത്.

പാത തുറക്കുന്നതോടെ രാജ്‌നഗര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കു ഡല്‍ഹിയിലേക്കുള്ള യാത്ര സുഗമമാകും. ആറു വരി പാതയിലൂടെ സഞ്ചരിച്ചാല്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ രാജ്‌നഗറില്‍ നിന്നു ഡല്‍ഹിയിലേക്കു കടക്കാനാവുമെന്നാണു കണക്കൂകൂട്ടല്‍.