കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാം; സൗദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്
കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങളുടെ സർവിസിന് അനുയോജ്യമെന്ന് സൗദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൗദി എയർലൈൻസ് കരിപ്പൂരിൽ സുരക്ഷാ വിലയിരുത്തൽ പഠനം നടത്തിയിരുന്നു.
പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരിൽ തങ്ങളുടെ വിമാനങ്ങൾ സർവിസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.ജി.സി.എ ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സൗദി എയർലൈൻസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയത്.
വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചേക്കും.