ആഭനേരി അഥവാ പ്രകാശത്തിന്റെ നഗരം
രാജാസ്ഥാനിലെ ദൗസാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹര നഗരം ആഭനേരി ജയ്പൂര്‍ ആഗ്ര റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ആരെയും ആകര്‍ഷിക്കുന്ന പടി കിണറുകളാണ് ആഭനേരിയുടെ സ്വത്ത്. ആഭാനേരി ഗ്രാമം ഗുര്‍ജര പ്രതിഹാര്‍ രാജാവായിരുന്ന സാമ്രാട്ട് മിഹിര്‍ ഭോജിന്റെ കാലത്താണ് രൂപവത്കരിക്കപ്പെട്ടത്. പ്രകാശത്തിന്റെ നഗരം എന്ന് അര്‍ഥം വരുന്ന ‘ആഭാനഗരി’ പിന്നീട് ലോപിച്ച് ആഭാനേരി എന്നായിത്തീരുകയായിരുന്നു. ഈ ചെറിയ ഗ്രാമം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.ഗ്രാമത്തിലെ കാഴ്ചകളെ കുറിച്ച് കൂടുതല്‍ അറിയാം.
നാടന്‍ നൃത്തരൂപങ്ങള്‍
രാജസ്ഥാന്റെ വിവിധ നാടന്‍ നൃത്ത രൂപങ്ങള്‍ക്ക് കൂടി പേരുകേട്ടതാണ് ആഭാനേരി ഗ്രാമം. ഘൂമര്‍, കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ എന്ന ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. കാല്‍ബേലിയ എന്നത് കാല്‍ബേലിയ ഗോത്ര സമുദായത്തിലെ സ്ത്രീകളുടെ നൃത്തമാണ്. ഇവര്‍ പാമ്പുകളെ പിടികൂടി അവയുടെ വിഷം വിറ്റാണ് ജീവിക്കുന്നത്. അതേ സമയം ‘ഭാവിഡാന്‍സ്’ ഒരു അനുഷ്ഠാന നൃത്തരൂപമാണ്. അംബ മാതാവിന്റെ (ഭൂമി ദേവി) പ്രീതിക്കുവേണ്ടിയുള്ളതാണ് ഈ അനുഷ്ഠാനം.
പടികിണറുകള്‍
വേനല്‍ക്കാലങ്ങളിലേക്കായി വെള്ളം സംഭരിച്ചുവെക്കുന്ന ആഭാനേരിയിലെ പടിക്കിണറുകള്‍ ആണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. അതിശയകരമായ ഭംഗിയുള്ള ചാന്ദ് ബോരി യാണ് ഇവയില്‍ പ്രധാനം. ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ളതും ആഴമുള്ളതുമായ പടിക്കിണര്‍ ആണിത്. മധ്യ കാല ഇന്ത്യയിലെ വാസ്തു വിദ്യാവൈഭവം വിളിച്ചോതുന്ന ഹര്‍ഷത് മാതാ ക്ഷേത്രവും ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ്. ഈ ക്ഷേത്രം ഹര്‍ഷത് മാതാ എന്ന ‘ആമോദത്തിന്റെ ദേവത’യ്ക്കായി പണികഴിപ്പിച്ചതാണ്.
ആഭാനേരിയില്‍ എത്തുന്നതിന്
ജയ്പ്പൂരില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള ഈ ഗ്രാമത്തിലേക്ക് ഇന്ത്യയിലെ ഏതു പ്രദേശത്ത് നിന്നും ഏളുപ്പം എത്തിച്ചേരാവുന്നതാണ്. ഇവിടുത്തെ പഴയ കാല പ്രതാപവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ആഭാനേരി സന്ദര്‍ശിക്കുന്നതിനു ഏറ്റവും അനുകൂലമായ കാലാവസ്ഥ.