വരയാടുകള്‍ക്ക് പ്രസവകാലം: രാജമല തുറക്കുന്നത് നീട്ടി
വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ച രാജമല ഉദ്യാനം ഏപ്രില്‍ 15-നു തുറക്കും. ഫെബ്രുവരി ഒന്നിനാണ് രാജമല അടച്ചത്. ഏപ്രില്‍ ഒന്നിന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഗര്‍ഭിണികളായ ആടുകളെ കൂടുതലായി കണ്ടതോടെയാണ് സന്ദര്‍ശകനിരോധനം ഏപ്രില്‍ 15 വരെ നീട്ടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര്.ലക്ഷ്മി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ടു നല്കി. ഇരവികുളം ദേശീയോദ്യാനത്തില്‍ ഈ സീസണില്‍ ഇതുവരെ 40 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നും ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും വാര്ഡന് പറഞ്ഞു.