ബെംഗളൂരു വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി ടോൾ നൽകണം
ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ വെച്ചുതന്നെ ഇനിമുതല്‍ ടോള്‍ നല്‍കണം. ഇന്നലെ അര്‍ധരാത്രി മുതലാണ് പുതിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നേരത്തെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചുള്ള യാത്രയിലായിരുന്നു ഇരുവശത്തേക്കുമുള്ള ടോള്‍ ഒരുമിച്ച് ഈടാക്കിയിരുന്നത്. ടോള്‍ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 120 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
ഹെന്നൂർ വഴി വിമാനത്താവളത്തിലേക്കു പുതിയ റോഡ് തുറന്നതിനാലാണ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. സദഹള്ളിയിലെ ടോൾ പ്ലാസയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് 85 രൂപയും ഇരുഭാഗത്തേക്കുമായി 125 രൂപയുമാണ് ടോൾ നിരക്ക്. 24 മണിക്കൂറാണ് രണ്ടുഭാഗത്തേക്കുമുള്ള ടോൾ ടിക്കറ്റിന്‍റെ സമയപരിധി.
ടോൾ നിരക്കിൽ ചെറിയ മാറ്റമേയുള്ളെങ്കിലും ടോൾപ്ലാസയ്ക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ടകാത്തുകിടപ്പ് വലച്ചേക്കുമെന്നാണ് യാത്രക്കാരുടെ ആശങ്ക. യാത്രക്കാരുടെ ചെക്ക്–ഇൻ സമയം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. എന്നാൽ വിമാനത്താവളത്തിലേക്കു മറ്റൊരു റോഡ് കൂടി തുറന്നതു ടോൾ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയതോടെയാണ് പുതിയ ടോൾപ്ലാസ തുറന്നതെന്നു ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഹെന്നൂർ, ആർ.കെ ഹെഗ്ഡെ നഗർ, ബെംഗളൂരു, ബേഗൂർ വഴിയാണ് ബദൽ റോഡ് തുറന്നത്.