News

വെള്ളി മുതല്‍ കള്ളു കിട്ടില്ല; മദ്യ വില്‍പ്പന സമയം കൂട്ടി

തുടർച്ചയായ ഡ്രൈ ഡേകൾ വരുന്നതിനാൽ ബവ്റിജസ് കോർപറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ദുഃഖവെള്ളി ദിനമായ മാർച്ച് 30നും സ്ഥിരം ഡ്രൈ ഡേ ആയ ഒന്നി (ഞായർ)നും 24 മണിക്കൂർ പണിമുടക്കുള്ള രണ്ടി(തിങ്കൾ)നും തുറക്കില്ല. ഇതിനിടയിൽ മാർച്ച് 31 മാത്രമാണു പ്രവൃത്തിദിനം.
സാമ്പത്തിക വർഷാവസാനത്തെ സ്റ്റോക്ക് പരിശോധനയുള്ളതിനാൽ എല്ലാവർഷവും മാർച്ച് 31ന് ഏഴു മണിക്ക് ബെവ്കോ മദ്യവിൽപനശാല പ്രവർത്തനം അവസാനിപ്പിക്കുന്നതാണു രീതി. തുടർന്നു സ്റ്റോക്ക് പരിശോധനയും നടക്കും. ഇത്തവണ തുടർച്ചയായി ഡ്രൈ ഡേ വരുന്നതിനാൽ 31ന് രാത്രി ഒൻപതു വരെ തുറന്നു പ്രവർത്തിക്കാനാണു ബെവ്കോ എംഡിയുടെ നിർദേശം. സ്റ്റോക്ക് പരിശോധന അതിനുശേഷം നടക്കും.
കൺസ്യൂമർഫെഡിന്‍റെ   വില്‍പ്പന  ശാലകളും മാർച്ച് 31ന് രാത്രി ഒൻപതു വരെ പ്രവർത്തിക്കും. കൺസ്യൂമർഫെഡിൽ നിലവിൽ സ്റ്റോക്ക് പരിശോധന നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ രണ്ടിനാണ്. അന്നു പണിമുടക്കായതിനാൽ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥർ എത്തുമോ എന്നു സംശയമുണ്ട്. ഉദ്യോഗസ്ഥർ എത്തിയില്ലെങ്കിൽ സ്റ്റോക്ക് പരിശോധന ഏപ്രിൽ മൂന്നിലേക്കു മാറ്റും. അങ്ങനെയെങ്കിൽ ഒന്നിന് അടച്ചാൽ പിന്നെ, മൂന്നിന് ഉച്ചയ്ക്ക് 12നു ശേഷമേ കടകൾ തുറക്കൂ.