India

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസ് ഓരോ 20 മിനിറ്റിലും

നിര്‍ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓരോ 20 മിനിറ്റിലും സര്‍വീസ് നടത്തുമെന്ന് ദേശീയ അതിവേഗ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അചല്‍ ഖരെ പറഞ്ഞു. തിരക്കേറിയ സമയത്ത് മൂന്നു സര്‍വീസും തിരക്കുകുറഞ്ഞ സമയത്ത് രണ്ടു സര്‍വീസുമാകും നടത്തുക.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദ് വരെ രണ്ടു മണിക്കൂറില്‍ ഓടിയെത്തും. നിലവില്‍ ഏഴു മണിക്കൂര്‍ വേണം ഈ ദൂരം താണ്ടാന്‍. വിമാനത്തിലാണെങ്കില്‍ ഒരു മണിക്കൂറും. ദിവസവും രണ്ട് നഗരങ്ങൾക്കിടയില്‍ 70 സര്‍വീസുകള്‍ നടത്തും. 12 സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്‌ ഉണ്ടാകുക. ബി.കെ.സി, താനെ, വിരാര്‍, ബോയിസര്‍, വാപി, ബിലിമോറ, സൂറത്ത്, ബരുച്ച്, ആനന്ദ്‌, സബര്‍മതി, അഹമ്മദാബാദ്.

മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ പ്രധാനമായും യാത്രചെയ്യുന്നത് തുണി വ്യാപാരികളും രത്ന വ്യാപാരികളുമാണ്. നിലവില്‍ വര്‍ഷം ഒന്നരലക്ഷം യാത്രക്കാര്‍ ഈ റൂട്ടില്‍ യാത്രചെയ്യുന്നുണ്ട്. ഇത് മൂന്നു ലക്ഷം വരെയാകും. 4,700 യാത്രക്കാര്‍ വിമാനത്തിലും 5,000 ആളുകള്‍ ട്രെയിനിലും 15,000 ആളുകള്‍ കാറിലും ദിവസം ഈ രണ്ടുനഗരങ്ങളെ ബന്ധിപ്പിച്ച് യാത്രചെയ്യുന്നുണ്ട്. ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ ദിവസം 40,000 ആളുകളെ യാത്രചെയ്യിക്കാനാകും.

ഒരു എക്സിക്യൂട്ടീവ് കോച്ച്, ഒമ്പത് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ബുള്ളറ്റ് ട്രെയിനില്‍ ഉണ്ടാകുക. 2023 ആകുന്നതോടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. 750 ആളുകളെ ഉള്‍കൊള്ളാന്‍ പറ്റുന്ന 10 കോച്ച് ട്രെയിനും 1250 ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 15 കോച്ച് ട്രെയിനും യാത്രക്കാര്‍ വര്‍ധിക്കുമ്പോള്‍ സര്‍വീസ് നടത്തും. സ്ത്രീക്കും പുരുഷനും വെവ്വേറെ ടോയിലറ്റ് സൗകര്യം ഉണ്ടാകും. ബാന്ദ്ര കുര്‍ള കോംപ്ലെക്സ് ബുള്ളറ്റ് റെയില്‍വേ സ്റ്റേഷന്‍ പണികള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. 2021ല്‍ പരീക്ഷണ ഓട്ടം നടത്തും.