News

ഒറ്റ ടിക്കറ്റില്‍ ബസ്, ട്രെയിന്‍, മെട്രോ യാത്ര

മുംബൈ, നവിമുംബൈ, താനെ ഉൾപ്പെടുന്ന നഗര മേഖലയിൽ വിവിധ യാത്രാ മാർഗങ്ങൾക്ക് ഏക ടിക്കറ്റ് സംവിധാനം (ഇന്‍റഗ്രേറ്റഡ് ടിക്കറ്റിങ് സിസ്റ്റം, ഐ.ടി.എസ്) ഇക്കൊല്ലം ഭാഗികമായി നടപ്പാക്കും. രാജ്യത്ത് ഐ.ടി.എസ് ആദ്യം നടപ്പാക്കുന്ന നഗരം എന്ന നേട്ടം ഇതോടെ മുംബൈയ്ക്ക് സ്വന്തമാകും. ഇതിനായി മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ഉടനെ ടെൻഡർ ക്ഷണിക്കും.

പുതിയ സംവിധാനം വരുന്നതോടെ എം.എം.ആർ (മുംബൈ മെട്രോപ്പൊലിറ്റൻ റീജ്യന്‍) മേഖലയിലെ യാത്ര ഏറെ സൗകര്യപ്രദവും എളുപ്പവുമാകും. ലോക്കൽ ട്രെയിൻ, മെട്രോ ട്രെയിൻ, മോണോ റെയിൽ, ബെസ്റ്റ്ബസ്, നവിമുംബൈ കോർപറേഷൻ ബസ്, താനെ കോർപറേഷൻ ബസ് എന്നിവകളിലെല്ലാം മാറിമാറി യാത്രചെയ്യാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് നേട്ടം.

ഐ.ടി.എസ് സംവിധാനം നടപ്പാക്കാനായി ഇപ്പോൾ മെട്രോ, മോണോ സ്റ്റേഷനുകളിലുളളതു പോലെ ഓട്ടോമാറ്റിക് ഫെയർ കണക്‌ഷൻ ഗേറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ലോക്കൽ ട്രെയിൻ, മെട്രോ, മോണോ, ബസ് സർവീസുകൾ എന്നിവയ്ക്കാവും ഐ.ടി.എസ് ഉപയോഗിക്കുകയെന്നും എം.എം.ആർ.ഡി.എ വെളിപ്പെടുത്തി.