ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഭക്ഷണവിതരണം വനിതകള്‍ക്ക്
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ വിതരണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്റ്റേഷനിലെ അനുവദിച്ച അഞ്ചു ഭക്ഷണ ശാലകളില്‍ നാലിന്റെ നടത്തിപ്പ് വനിതകള്‍ക്കായി സംവരണം ചെയ്തു. അഞ്ച് സ്റ്റാളുകൾക്കുള്ള ടെൻഡർ നടപടികൾക്കു തുടക്കമായി. ഇതിൽ കാലാവധി കഴിഞ്ഞ സ്റ്റാളുകളും ഉൾപ്പെടും.കുടുംബശ്രീക്ക് ഉൾപ്പെടെ വാതിൽ തുറന്നിട്ടാണു റെയിൽവേ ഭക്ഷണ ശാലയുടെ ടെൻഡർ വരുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംക്‌ഷനായ ഷൊർണൂരിൽ സമീപനാൾ വരെ സസ്യആഹാരത്തിനു നടപടിയുണ്ടായിരുന്നില്ല. വെജിറ്റേറിയൻ സ്റ്റാൾ ഒരു വർഷം മുമ്പ് പൂട്ടി. അതേ സമയം നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന സ്റ്റാളുകളിൽ വെജിറ്റേറിയൻ ആഹാരവും ലഭിക്കുന്നുണ്ട്.സബ് സ്റ്റാളുകൾ എന്നറിയപ്പെടുന്ന കേറ്ററിങ് സ്റ്റാളുകളിൽ ഇഡ്ഡലി മാത്രമേ വെജിറ്റേറിയൻ ഭക്ഷണമായി ലഭിക്കൂ.ഈ സ്റ്റാളുകൾ വെജിറ്റേറിയൻ എന്ന വിഭാഗത്തിലാണ് റെയിൽവേ ഉൾപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ ഇവിടെ അപ്പവും മുട്ടക്കറിയും ഉൾപ്പെടെ വിൽക്കാൻ അനുമതിയുണ്ടായിരുന്നു. വെജിറ്റേറിയൻ എന്ന ഗണത്തിൽപ്പെടുത്തിയതോടെ യാത്രക്കാർക്കു പ്രത്യേക സൗകര്യം ലഭിച്ചില്ലെന്നു മാത്രമല്ല സ്റ്റാളിലെ ഭക്ഷണ വിൽപന പരിമിതപ്പെടുകയും ചെയ്തു.
ട്രെയിനുകൾക്കരികിൽ ചെന്ന് വിൽപന നടത്താൻ സസ്യേതര ഭക്ഷണ ശാലയിലെ വെൻഡിങ് തൊഴിലാളികൾക്ക് അനുമതിയുണ്ട്. പുതിയ ടെൻഡർ നടപടി പൂർത്തിയാകുന്നതോടെ സ്റ്റേഷനിൽ സസ്യ ഭക്ഷണം ഉൾപ്പെടെ കൂടുതൽ സ്റ്റാളുകളിൽ നിന്നു ലഭിക്കാനുള്ള സാധ്യത ഒരുങ്ങി. ഷൊർണൂരിൽ നിലവിൽ ഒരു സസ്യേതര ഭക്ഷണശാലയും ഏഴ് കേറ്ററിങ് സ്റ്റാളുകളും രണ്ട് കേറ്ററിങ് ട്രോളികളും രണ്ട് വിവിധോദ്ദേശ്യ സ്റ്റാളുകളും ഒരു ഫ്രൂട്ട് ആൻഡ് ജ്യൂസ് സ്റ്റാളുമാണു പ്രവർത്തിക്കുന്നത്.