സാവനും ജിയോ മ്യൂസിക്കും കൈകോര്‍ക്കുന്നു
ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളര്‍ (6817 കോടി രൂപ) മുതല്‍മുടക്കില്‍ ആഗോള ഡിജിറ്റല്‍ മാധ്യമ കൂട്ടുകെട്ടിന് തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച് ജിയോ ഡയറക്ടര്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും കരാറിലെത്തി.
ഈ സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്‍റ്, ലിബര്‍ട്ടി മീഡിയ, ബെര്‍ട്ടല്‍സ്മാന്‍ എന്നിവ കൈവശം വച്ചിരിക്കുന്ന 104 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സാവന്‍റെ ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും. സാവന്‍റെ സഹ സ്ഥാപകരായ ഋഷി മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്‍റെ തലപ്പത്തു തന്നെ തുടരും. ജിയോ-സാവന്‍ സംയുക്ത പ്ലാറ്റ്‌ഫോമിന്‍റെയും മുന്നോട്ടുളള വളര്‍ച്ചയുടെയും മേല്‍നോട്ടം ഇവര്‍ക്കായിരിക്കും.
സൗത്ത് ഏഷ്യന്‍ സംഗീത സംസ്‌കാരം ലോകമെമ്പാടും എത്തിക്കാന്‍ ഒരു മ്യൂസിക് പ്ലാറ്റ് ഫോം എന്നതായിരുന്നു പത്ത് വര്‍ഷം മുമ്പ് സാവന്‍ സംഗീത സര്‍വീസ് തുടങ്ങുമ്പോള്‍ ഞങ്ങളുടെ ലക്ഷ്യം. റിലയന്‍സുമായുള്ള കൂട്ടുകെട്ട് ലോകത്തെ ഒന്നാംകിട സംഗീത പ്ലാറ്റ്ഫോം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുമെന്ന് സാവന്‍ സി.ഇ.ഒ കൂടിയായ ഋഷി മല്‍ഹോത്ര പറഞ്ഞു.