ഡാം സുരക്ഷക്കായി കാമറകള്‍ എത്തുന്നു
സുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ ഡാമുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നു. ലോകബാങ്ക് സഹായത്തോടെ ദേശീയ ജലകമ്മീഷൻ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ (ഡ്രിപ്) ഭാഗമായാണ് കാമറകൾ. ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ, കക്കയം അടക്കം 18 വലിയ ഡാമുകളിലാകും ആദ്യഘട്ടത്തിൽ കാമറകൾ എത്തുക.
ഡാമും പരിസരങ്ങളും ചിത്രീകരിക്കുന്ന തരത്തിൽ മൊത്തം 179 കാമറകളാകും സ്ഥാപിക്കുക. ഡാമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷ മേൽനോട്ടത്തിനുമായി ദേശീയ ജലകമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കീഴിൽ രൂപം നൽകിയ ഡാം സേഫ്റ്റി ഓർഗനൈസേഷനാണ് കാമറകൾ ഒരുക്കുന്നത്.
കെ.എസ്.ഇ.ബിയുടെ കീഴിൽ സംസ്ഥാനത്ത് 58 ഡാമുകളുണ്ട്. ഇതിൽ ആദ്യഘട്ടമായി 18 സ്ഥലങ്ങളിൽ കാമറകൾ എത്തും.ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ജലനിരപ്പിലെ വ്യത്യാസത്തിന് അനുസരിച്ച് ഡാമുകളിലെ ചലനം രേഖപ്പെടടുത്താനും ഭൂമികുലുക്കത്തിന്റെ അളവ് രേഖപ്പെടുത്താനും ആധുനിക ഉപകരണങ്ങളും സ്ഥാപിക്കും.
ഇതിന്റെ ഭാഗമായി 37 അണക്കെട്ടുകളിൽ അറ്റകുറ്റപ്പണി നടക്കുന്നു. ചോർച്ച തടയൽ, ബലപ്പെടുത്തൽ, റോഡുകൾ, കൈവരികൾ, ഗേറ്റുകൾ എന്നിവയിലാണ് നവീകരണം. ഇതിനായി 153 കോടിയാണ് ലോകബാങ്ക് അനുവദിച്ചത്. ഈ ജോലികൾ പൂർത്തിയാകുന്ന തോടെയാകും കാമറക്കണ്ണുകൾ എത്തുക.