ബാണാസുര ഡാമില്‍ സുരക്ഷ ഒരുക്കാന്‍ പുതിയ ബോട്ട് എത്തി
ബാണാസുര ഡാമിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ബോട്ട് എത്തി.
ഡാം നിലവിൽ വന്നിട്ട് ഇതുവരെ സുരക്ഷയുടെ ഭാഗമായി നിരീക്ഷണങ്ങൾക്കായും അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓടിയെത്താനും ആവശ്യമായ ബോട്ട് ഇല്ലാത്തത് ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു.
ടൂറിസത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളായിരുന്നു അത്തരം സമയങ്ങളിൽ ഉപയോഗിക്കാറുള്ളത്. ഭൂരിഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ നൂറു കണക്കിനു ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഡാമിലെ വിവിധ ഭാഗങ്ങളിൽ എത്താൻ പ്രധാനമായും ജല മാർഗമാണുള്ളത്.
കയ്യേറ്റങ്ങളും അനധികൃത മണ്ണിടിക്കലുമെല്ലാം ഡാമിന്റെ സുരക്ഷക്ക് ഭീഷണി ആകാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളറിഞ്ഞാൽ എത്താൻ അധികൃതർക്ക് പ്രയാസമായിരുന്നു. ഡാമിനുള്ളിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴും രക്ഷാ പ്രവർത്തനങ്ങൾക്കെത്താൻ കഴിയാതെ അധികൃതർ വലയാറുള്ളതും പതിവായിരുന്നു.