ഇമറാത്തി കാഴ്ചകളുമായി പൈതൃകഗ്രാമം ഒരുങ്ങുന്നു

ഇമറാത്തി പൈതൃകവും സംസ്‌കാരവും തുളുമ്പുന്ന മനംനിറയ്ക്കും കാഴ്ചകളുമായി അല്‍ മര്‍മൂമില്‍ പൈതൃകഗ്രാമം ഒരുങ്ങുന്നു.മാര്‍മൂം ഒട്ടക ഓട്ടമത്സര മേളയുടെ പ്രധാന ആകര്‍ഷണമാണ് ഇമറാത്തി പൈതൃക ഗ്രാമം.

വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ പൈതൃകഗ്രാമം സന്ദര്‍ശകരെ വരവേല്ക്കും .
യു.എ.ഇ.യുടെ തനതുഭക്ഷണം, കരകൗശല വസ്തുക്കള്‍, സംഗീതം, വിവാഹാഘോഷം തുടങ്ങി രാജ്യത്തിന്റെ കലാ- സാംസ്‌കാരിക വൈവിധ്യം മുഴുവന്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.

നൂറിലധികം ചെറിയ കടകളും കിയോസ്‌കുകളും ഇത്തവണ ഒരുങ്ങുന്നുണ്ട്. രാഷ്ട്രപിതാവിന്റെ ജീവിതവും വ്യക്തിത്വവും അടുത്തറിയാന്‍ അവസരമൊരുക്കുന്ന ‘സായിദ് പ്രദര്‍ശനവും’ ഇക്കുറി പൈതൃകഗ്രാമത്തില്‍ ഉണ്ടാവും.

രാജ്യത്തെ വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇമറാത്തി കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന മേളയ്ക്ക് ഓരോ വര്‍ഷം പിന്നിടുമ്പോളും സ്വീകാര്യതയും പങ്കാളിത്തവും കൂടി വരികയാണെന്ന് സംഘാടകസമിതി അംഗം അബ്ദുള്ള ഫരാജ് പറഞ്ഞു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.