ട്രോള്‍ പരസ്യവുമായി വീണ്ടും ബജാജ് ഡോമിനാര്‍
റോയല്‍ എന്‍ഫീല്‍ഡുകളെ ട്രോളി വീണ്ടും ബജാജ് ഡോമിനാറിന്റെ പരസ്യം. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്.
ദുര്‍ഘട പാതയിലും ഡോമിനോറിന് എളുപ്പത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന് ഇതില്‍ പരാജയമാണെന്നും പുതിയ പരസ്യത്തില്‍ ബജാജ് പറയാതെ പറയുന്നു.
ബുള്ളറ്റിനെ ആനയാക്കി ചിത്രീകരിച്ച് ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ വാങ്ങാനാണ് അഞ്ച് പരസ്യങ്ങളിലും കമ്പനി പറയുന്നത്. ബുള്ളറ്റുകളുടെ തനത് ശബ്ദവും അതിലെ റൈഡര്‍മാരുടെ ഹെല്‍മെറ്റും മറ്റ് ആക്‌സസറികളും ഉപയോഗിച്ച് ബുള്ളറ്റിനെയാണ് പറയാതെ പറയുന്നത് എന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.
വെളിച്ചം വളരെ കുറവുള്ള വണ്ടി, ബ്രേക്ക് പിടിച്ചാല്‍ കിട്ടാത്ത വണ്ടി, പെട്ടെന്ന് സ്റ്റാര്‍ട്ടാകാത്ത വണ്ടി, കയറ്റം കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി എന്നിങ്ങനെ ബുള്ളറ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എടുത്തുകാട്ടിയുള്ള പരസ്യങ്ങളാണ് നേരത്തെ ബജാജ് പുറത്തുവിട്ടിരുന്നത്. പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും സജീവമായി പ്രതിഷേധം രേഖപ്പെടുത്തുണ്ട്. തലകുത്തി നിന്നാലും ഡോമിനാറിന് എന്‍ഫീല്‍ഡിന്റെ അടുത്തെത്താന്‍ സാധിക്കില്ലെന്നാണ് ഇവരുടെ പക്ഷം.