ദുബൈ വിമാനത്താവളം വഴിയാണോ പോകുന്നത്..? ഈ ബാഗേജ് നിയമങ്ങള്‍ പാലിക്കണം
ലോകത്തെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമായ ദുബൈയില്‍ യാത്രക്കാര്‍ക്ക് ബാഗേജ് കൊണ്ടുപോകാനുള്ള നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. കൃത്യമായി ലഗേജ് പാക്ക് ചെയ്താൽ യാത്രക്കാർക്ക് അവരുടെ സമയവും പണവും ലാഭിക്കാം എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ അധികൃതർ ചില നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.
പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍
- സാധാരണയായി രണ്ടു തരത്തിലുള്ള ബാഗേജ് ആണ് രാജ്യാന്തര യാത്രകൾക്ക് അനുവദിക്കുക. 32 കിലോയിൽ കൂടുതൽ ഇല്ലാത്തവയായിരിക്കണം ഇത്. ഒാരോ വിമാനക്കമ്പനിയുടെയും നിയമം വ്യത്യസ്തമായിരിക്കും. അതിനാൽ യാത്രയ്ക്ക് മുൻപ് ഇക്കാര്യത്തിൽ ഉറപ്പ് വരുത്തണം.
- 90 സെന്റിമീറ്ററിൽ അധികം നീളം, 75 സെന്റിമീറ്ററിൽ അധികം ഉയരം, 60 സെന്റിമീറ്ററിൽ അധികം വീതി അല്ലെങ്കിൽ പരന്ന ആകൃതിയിൽ ഇല്ലാത്ത ലഗേജുകൾ എന്നിവ ഓവർ സൈസ്ഡ് ബാഗേജ് കൗണ്ടറിൽ ആണ് പരിശോധിക്കുക. ഇതിന് കൂടുതൽ സമയം ആവശ്യമാണ്. യാത്രയ്ക്ക് മുൻപ് ഈ പരിശോധനയ്ക്കുള്ള സമയം കൂടി കരുതണം.
- നിശ്ചിത ഭാരത്തിൽ കൂടുതൽ സാധനങ്ങൾ ലഗേജിൽ ഉണ്ടെങ്കിൽ അവയ്ക്ക് പ്രത്യേകം പണം നൽകണം. അല്ലെങ്കിൽ ഇവ റീപായ്ക്ക് ചെയ്യേണ്ടി വരും.
- ലഗേജുകളുടെ ഒരു വശം നിർബന്ധമായും പരന്നതായിരിക്കണം. ഉരുണ്ടതോ, കൃത്യമായ ആകൃതിയില്ലാത്തതോ ആയ ലഗേജുകൾ അനുവദിക്കുന്നതല്ല.
- 100 മില്ലിയിൽ കൂടുതലുള്ള ദ്രാവക പദാർഥങ്ങൾ ഹാൻഡ് ലഗേജിൽ സൂക്ഷിക്കാൻ പാടില്ല.
ദ്രാവക പദാർഥങ്ങൾ തെളിഞ്ഞതും അടച്ചുറപ്പുള്ളതുമായ പ്ലാസ്റ്റിക് ബാഗിൽ വേണം സൂക്ഷിക്കാൻ. - പുതിയ നിയമം അനുസരിച്ച് സംശയകരമായ രീതിയിൽ കാണുന്ന ലഗേജ് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി (ജി.ഡി.എ.എസ്) അധികൃതർക്ക് പരിശോധിക്കാവുന്നതാണ്. ഇതിന് ലഗേജിന്റെ ഉടമസ്ഥനായ യാത്രക്കാരന്റെ സാന്നിധ്യം ആവശ്യമില്ല. ഇതിലുണ്ടാകുന്ന കോട്ടങ്ങൾ ജി.ഡി.എ.എസിന്റെ ഉത്തരവാദിത്തത്തിലും പെടില്ല.
ചില പൊതുകാര്യങ്ങള്‍
- സ്വകാര്യ വസ്തുക്കൾ ഹാൻഡ് ലഗേജിൽ തന്നെ സൂക്ഷിക്കുക.
- എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന സ്ഥലത്ത് ലാപ്ടോപ്പ് സൂക്ഷിക്കുക. സുരക്ഷാ പരിശോധന സമയത്ത് പ്രത്യേക ട്രേ ലാപ് ടോപ് പരിശോധനയ്ക്കായി ലഭിക്കും.
- എപ്പോഴും യാത്രയ്ക്ക് പോകുമ്പോൾ പഴയ ബാഗേജ് ടാഗുകൾ നീക്കം ചെയ്യുക. വിവിധ ബാഗേജ് ടാഗുകൾ കണ്ടാൽ ഒരു പക്ഷേ, ബാഗേജ് സിസ്റ്റം നിങ്ങളുടെ ലഗേജ് നിരാകരിക്കും.
- കഴിയുന്നതും കാർഡ്ബോർഡ് പെട്ടികളിൽ ലഗേജ് കൊണ്ടുപോകുന്നത് ഒഴിവാക്കുക. ഇത്തരം ലഗേജുകൾ കൈകൊണ്ടാണ് പരിശോധിക്കുക. അതിനാൽ തന്നെ കൂടുതൽ സമയമെടുക്കും. കൂടാതെ, ഇത്തരം കാർബോർഡ് പെട്ടികൾക്ക് ഉറപ്പും കുറവായിരിക്കും.
- ട്രാവൽ ഇന്‍ഷുറൻസ് എടുക്കാൻ മറക്കരുത്.