Kerala

മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു

തലസ്ഥാന നഗരത്തിന്‍റെ ഷോപ്പിംഗ്‌ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തു. ലോകോത്തര ഷോപ്പിംഗ്‌ അനുഭവം ആസ്വദിക്കാന്‍ ഉതകുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മാളൊരുങ്ങുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ അനന്തപുരിക്ക് സമര്‍പ്പിച്ചു. മലബാറില്‍ നിന്നൊരു മാള്‍ തിരുവനന്തപുരത്ത് എത്തുന്നത്  വളരെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും പരിസ്ഥിതിയ്ക്ക് അനിയോജ്യമായ രീതിയില്‍ പണിത മാള്‍ കേരളത്തിന്‍റെ ഹരിതം പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും സാധാരണക്കാരെ ഉള്‍പ്പെടുത്തി അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ കെ.ടി ജലീല്‍, സി ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ. രാജു, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍,  കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ വിവിധ സ്റ്റോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍, കുമ്മനം രാജശേഖരന്‍, ,എം.എല്‍.എമാരായ എ.കെ മുനീര്‍, ഒ രാജഗോപാല്‍, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, വ്യവസായി ആസാദ് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

കഴക്കൂട്ടം-കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് മാള്‍ സ്ഥിതിചെയ്യുന്നത്. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്‍റെ സംരംഭമാണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരത്തെ ആദ്യ മാളും കേരളത്തിലെ രണ്ടാമത്തെ വലിപ്പമുള്ള മാളുമാണ്. ആറര ലക്ഷം ചതുരശ്ര അടിയില്‍ 400 കോടി മുതല്‍ മുടക്കില്‍ മൂന്നു നിലകളിലായി നിര്‍മിച്ചിട്ടുള്ള മാള്‍ ഷോപ്പിങ്ങിനൊപ്പം വിനോദത്തിനും പ്രാധാന്യം കൊടുക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിവിധ ഗെയിമുകളില്‍ ഏര്‍പ്പെടുന്നതിനുള്ള ഗെയിം പ്ലയാസകളും മാളില്‍ ഒരുക്കിയിട്ടുണ്ട്.

അഡിഡാസ്, ഷോപ്പേഴ്സ് സ്റ്റോപ്, ലൈഫ് സ്റ്റൈല്‍, ആപ്പിള്‍, മാക്സ്, കല്യാണ്‍, ചിക്കിംഗ്, ആരോ, ഹഷ് പപ്പീസ്, ഈസി ബേ പാന്തലൂണ്‍സ് അലെന്‍ സോളിബാറ്റ, ജോക്കി കെഎഫ്സി, പാര്‍ക്ക് അവന്യൂ, ലൂയിസ് ഫിലിപ്, ടൈറ്റാന്‍, വുഡ് ലാന്‍ഡ്  തുടങ്ങി പ്രമുഖ ബ്രാന്‍ഡുകള്‍ മാളിലുണ്ടാകും. കൂടാതെ ഹോം അപ്ലയന്‍സസിന്‍റെ വിവിധ ഷോറൂമുകളും കാര്‍ണിവല്‍ സിനിമാസിന്‍റെ ഏഴ് മള്‍ട്ടിപ്ലക്സ് തിയേറ്ററുകളും മാളില്‍ ഒരുക്കിയിട്ടുണ്ട്. 1000 കാറുകള്‍ക്കും 1200 ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാം.

തമ്പാനൂരും കിഴക്കേകോട്ടയും ചാല മാര്‍ക്കറ്റും എസ്.എം സ്ട്രീറ്റും സ്വരാജ് റൗണ്ടുമൊക്കെ ഇനി മാള്‍ ഓഫ് ട്രാവന്‍കൂറിലും ഉണ്ടാകും. കൂടാതെ മാളിന് ചുറ്റും ഒന്നര കിലോമീറ്റര്‍ നടപ്പാതയും വ്യാമാത്തിനുള്ള സൗകര്യവും യോഗ കോര്‍ണറും ഒരുക്കും. നടപ്പാതയോട്‌ ചേര്‍ന്നുള്ള പാര്‍ക്കില്‍ ജൈവ പച്ചക്കറികള്‍, പാല്‍, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ലഭിക്കും. 12000 ചതുരശ്ര അടിയില്‍ ഒരുക്കിയ ഫുഡ്‌ കോര്‍ട്ട് മാളിലെ മറ്റൊരു ആകര്‍ഷണമാണ്. വ്യത്യസ്ഥ രുചികളില്‍ 23 ഭക്ഷ്യശാലകള്‍ ഇവിടുണ്ടാകും.

ഈ മാസം അവസാനത്തോടെയും അടുത്ത മാസവും ദുല്‍ഖര്‍ സല്‍മാന്‍, കരീന കപൂര്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങിയവര്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ കാണാന്‍ എത്തും. ഷോപ്പിങ്ങിനും വിനോദത്തിനും ആഘോഷങ്ങള്‍ക്കും തുല്യ പ്രാധ്യാനം കൊടുത്താണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍ തലസ്ഥാന നഗരയില്‍ തുറക്കുന്നത്.