News

വൈകിയോടുന്ന എല്ലാ ട്രെയിനുകളുടെ വിവരങ്ങള്‍ എസ്.എം.എസ് വഴി ലഭിക്കും

തീവണ്ടികള്‍ വൈകിയോടുന്നത് റിസര്‍വ് ചെയ്ത യാത്രക്കാരെ അറിയിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ എസ്.എം.എസ്. സേവനം എല്ലാ തീവണ്ടികളിലും ലഭ്യമാക്കുന്നു. നിലവില്‍ ദക്ഷിണ റെയില്‍വേയുടെ ചില തീവണ്ടികളിലേ എസ്.എം.എസ്. സംവിധാനമുള്ളൂ. ഇതാണ് മറ്റു തീവണ്ടികളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്.

തീവണ്ടി എത്ര മണിക്കൂര്‍ വൈകുമെന്നതും അതിന്‍റെ കാരണവും എസ്.എം.എസ് വഴി അറിയിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. എസ്.എം.എസ്. സന്ദേശം കിട്ടാനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കണം. ഏജന്‍റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്രക്കാരന്‍റെ മൊബൈല്‍ നമ്പര്‍ തന്നെ നല്‍കണം. സമയകൃത്യത ഉറപ്പുവരുത്താന്‍ ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ കുല്‍ശ്രേഷ്ഠയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.

നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തില്‍ (എന്‍.ടി.ഇ.എസ്) ഉള്‍പ്പെടെ തീവണ്ടി വൈകിയോടുന്നത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അപ്പപ്പോള്‍ അറിയാന്‍ കൗണ്ടര്‍ ടിക്കറ്റിലും ഇ-ടിക്കറ്റിലും ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. തീവണ്ടി വൈകുമെന്ന് അറിഞ്ഞാല്‍ യാത്രക്കാരന് സമാന്തര സര്‍വീസുകളെ ആശ്രയിക്കാം.

റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടിയ്ക്കുള്ളിലും വൈകിയോട്ടത്തെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റുകളും കൃത്യമായി ലഭിക്കും. തീവണ്ടികളുടെ സമയകൃത്യത ഉറപ്പുവരുത്താനും തീവണ്ടികള്‍ വൈകുന്നതുമൂലം യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നം ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.