ലിഗയെ കാണാതായിട്ട് പത്തുനാള്‍: പ്രത്യേക സംഘം രൂപീകരിച്ച് പോലീസ്
ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തി കാണാതായ വിദേശവനിത ലിഗ സ്ക്രോമാനായി തെരച്ചില്‍ ഊര്‍ജിതം. ലിഗയെ കാണാതായിട്ട് പത്തു ദിവസമാകുന്നു. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി വിഴിഞ്ഞം പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ ഷിബു പറഞ്ഞു.
ലിഗയെപ്പോലെ തോന്നിക്കുന്ന സ്ത്രീയെ അടിമലത്തുറയില്‍ ഞായറാഴ്ച കണ്ടതായി സൂചന ലഭിച്ചെന്നു പൊലീസ് അറിയിച്ചു. നാട്ടുകാരില്‍ നിന്നും ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
വിഴിഞ്ഞത്തിനു പുറമേ കാഞ്ഞിരംകുളം, പൂവാര്‍ മേഖലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പാസ്പോര്‍ട്ട് അടക്കം ഉപേക്ഷിച്ചാണ് താമസസ്ഥലത്ത് നിന്നും ലിഗ കോവളത്തെത്തിയത്. ഇവിടെ നിന്നാണ് കാണാതായത്.ലിഗയെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കുടുംബം ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുളച്ചലില്‍ തീരത്തടിഞ്ഞ വിദേശ വനിതയുടെ മൃതദേഹം കാണാതായ ലിഗയുടേതെന്ന് പൊലീസ് സംശയിച്ചിരുന്നു.എന്നാല്‍ മൃതദേഹം പരിശോധിച്ച സഹോദരി ഇല്‍സെ ഇത് ലിഗയുടെതല്ലന്നു പറഞ്ഞു.
ലിഗ പച്ച കുത്തിയിട്ടില്ലന്നും മൃതദേഹത്തില്‍ കയ്യില്‍ പച്ചകുത്തിയത് കാണാമായിരുന്നെന്നും എല്‍സെ പറഞ്ഞു. ലിഗയുടെ കൈകാലുകള്‍ ഒരേ നീളമുള്ളവയെന്നും മൃതദേഹത്തിന് കാലിനു കൂടുതല്‍ നീളമുണ്ടെന്നുമാണ് ഇല്‍സെ പറഞ്ഞത്. ഏതായാലും പൊലീസ് മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധനാഫലം കാത്തിരിക്കുകയാണ്.
സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഇല്‍സെ കേന്ദ്രമന്ത്രി സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.