വിനോദ സഞ്ചാര മേഖലയിൽ കൈകോര്‍ത്ത് ഖത്തറും കുവൈത്തും
വിനോദസഞ്ചാര മേഖലയിൽ വളർച്ചയും വികസനവും ലക്ഷ്യമാക്കി ഖത്തർ ടൂറിസം അതോറിറ്റിയും കുവൈത്ത് വിനോദസഞ്ചാര മേഖലയെ പ്രതിനിധീകരിച്ച് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ ടൂറിസം അതോറിറ്റി ആക്ടിംഗ് ചെയർമാൻ ഹസൻ അൽ ഇബ്റാഹീമും കുവൈത്ത് ടൂറിസം അണ്ടർ സെക്രട്ടറി ജാസിം അൽ ഹബീബും കുവൈത്ത് സിറ്റിയിലെ ടൂറിസം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഖത്തറിനും കുവൈത്തിനും ഇടയിലുള്ള സഹകരണം പ്രത്യേകിച്ചും വിനോദസഞ്ചാരമേഖലയിൽ ശക്തമാക്കാൻ ഈ കരാർ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ഹസൻ അൽ ഇബ്റാഹിം പറഞ്ഞു. ഖത്തർ ജനതയുടെ ഹൃദയത്തിൽ കുവൈത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാര മേഖലയിലെ ആസൂത്രണവും വികസനവുമായി ബന്ധപ്പെട്ട് അനുഭവ സമ്പത്തും വിവരങ്ങളും കൈമാറുന്നതിലൂടെ ഖത്തറിനും കുവൈത്തിനും ഇടയിൽ ദീർഘകാലാടിസ്ഥാനത്തിൽ സഹകരണം ശക്തമാകാന്‍ സാധ്യതയുണ്ട്.
ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാലം ആസ്വദിക്കാൻ ഖത്തർ–കുവൈത്ത് പൗരന്മാരെ ക്ഷണിക്കുകയും ഇരുരാജ്യങ്ങളും സംയുക്തമായി ടൂറിസം മേഖലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. വിനോദ സഞ്ചാര മേഖലയില്‍ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി ഇരുരാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ ഒരുമിച്ച് പ്രവർത്തിക്കും.