മാലിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
45 ദിവസങ്ങൾ നീണ്ട മാലിയിലെ അടിയന്തരാവസ്ഥ പ്രസിഡന്റ് അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം പിൻവലിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം ഒമ്പത് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥ നിലവിൽ വന്നതോടെ ആരെയും മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്ത് തടങ്കലിലിടാൻ സുരക്ഷാ വിഭാഗത്തിന് അധികാരം ലഭിച്ചിരുന്നു. സംശയമുള്ള ആരെയും അറസ്റ്റ് ചെയ്യാനും അധികാരം നൽകിയിരുന്നു.
മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കമുള്ളവരെ വിചാരണ ചെയ്യുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്. ജയിലിൽ കഴിയുന്ന ഒമ്പത് പാർലമെന്റ് അംഗങ്ങളെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. വിധി നടപ്പാക്കിയാൽ പാർലമെന്റിൽ യമീൻ സർക്കാറിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നതിനാലാണ് അദ്ദേഹം ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചിരുന്നത്.
കോടതി ഉത്തരവ് നടപ്പാക്കണമെന്ന് പ്രതിപക്ഷത്തിനു പുറമെ അന്താരാഷ്ട്ര സമൂഹവും ആവശ്യപ്പെട്ടെങ്കിലും അബ്ദുല്ല യമീൻ വഴങ്ങിയില്ല. രണ്ടാം തവണയാണ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത്. തനിക്കെതിരെ വധശ്രമം നടന്നതായി പറഞ്ഞ് 2015 നവംബറിൽ സമാനനടപടി സ്വീകരിച്ചിരുന്നു.