കാണാതായ വിദേശ വനിതയ്ക്കായി തെരച്ചില്‍ ഊര്‍ജിതം

 

കേരളത്തിലെത്തി കാണാതായ വിദേശ വനിത ലിഗ സ്ക്രോമാനായി തെരച്ചില്‍ ഊര്‍ജിതം. ഇതിനിടെ കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടെതെന്നു അഭ്യൂഹം പരന്നെങ്കിലും അത് ലിഗയല്ലന്നു സഹോദരി വ്യക്തമാക്കി. ലിഗയെ കണ്ടെത്താന്‍ പോലീസും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും ശ്രമം ശക്തമാക്കി. അന്വേഷണം ഊര്‍ജിതമാക്കാന്‍ നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. മന്ത്രിയെ ലിഗയുടെ ഭര്‍ത്താവും സഹോദരിയും കണ്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് ലാത്വിയ സ്വദേശിയായ ലിഗ സ്ക്രോമെനെ കോവളത്ത് നിന്നും കാണാതായത്. ആയുർവേദ ചികിത്സക്കുവേണ്ടി കഴിഞ്ഞ മാസം 21നാണ് ലിഗയും സഹോദരി ഇൽസിയും പോത്തൻകോട് അരുവിക്കരക്കോണത്തുള്ള ആശുപത്രിയിലെത്തിയത്.

വിഷാദരോഗത്തിൻറെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചതോടെയാണ് യോഗയ്ക്കും ചികിത്സയ്ക്കുമായി ലിഗ കേരളത്തിലെത്തിയത്. ഫോണും പാസ്പോർട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയിൽ കയറി കോവളത്തുപോയ ലിഗയെക്കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് പരാതി. അയര്‍ലണ്ടില്‍ ആണ് ലിഗയുടെ സ്ഥിരതാമസം. ലിഗയെ തേടി ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.