യു.എ.ഇ. ടൂറിസം: കൈ കോർത്ത് അബുദാബിയും ദുബൈയും
യു.എ.ഇയിൽ വൻ വികസന പദ്ധതികൾക്കായി അബുദാബിയും ദുബൈയും കൈകോർക്കുന്നു. ഇരുനഗരങ്ങളിലുമായി 3000 കോടി ദിർഹത്തിന്റെ പദ്ധതികളാണ് നടപ്പാക്കുക. പ്രമുഖ കെട്ടിട നിര്‍മാതാക്കളായ അബുദാബിയിലെ അല്‍ദാറും ദുബൈയിലെ ഇമാറും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ 2021ല്‍ യാഥാര്‍ത്ഥ്യമാകും.
അബുദാബി സാദിയാത് ദ്വീപ്, ദുബൈ ഇമാര്‍ ബീച്ച് ഫ്രണ്ട് എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി രണ്ടു രാജ്യങ്ങളുടേയും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വഴിയൊരുക്കും. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ അൽദാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാര്‍ എന്നിവര്‍ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.
സാദിയാത് ദ്വീപ് പദ്ധതിയിൽ 2000 താമസകേന്ദ്രങ്ങൾ, രണ്ടു ലോകോത്തര ഹോട്ടലുകൾ, 400 അപാർട്ട് മെന്റ്, ലൈഫ് സ്റ്റൈൽ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ ഔട്ലെറ്റുകൾ തുടങ്ങിയവ ഉണ്ടാകും. ദുബൈയിലെ ഇമാർ ബീച്ച് ഫ്രണ്ട് പദ്ധതി മേഖലയിലെ പ്രമുഖ ഉല്ലാസ ദ്വീപായി മാറും. വിശാലമായ ബീച്ചിനോട് അനുബന്ധിച്ചുള്ള കളിസ്ഥലങ്ങൾ, ഉല്ലാസ കേന്ദ്രങ്ങൾ, വിവിധ രാജ്യങ്ങളിലെ രുചിവൈവിധ്യങ്ങളുമായി ഭക്ഷണശാലകൾ, ഒന്നര കിലോമീറ്റർ സ്വകാര്യ ബീച്ചോടുകൂടിയ 7000 താമസ കേന്ദ്രങ്ങൾ തുടങ്ങിയവ ഉണ്ടാകും.
ബുർജ് ഖലീഫ, ദുബായ് മാൾ, ദുബായ് ഡൗൺടൗൺ, ദുബായ് മറീന മാൾ എന്നിവയാണ് ഇമാര്‍ പണികഴിച്ച പ്രധാന പദ്ധതികള്‍. യാസ് മാൾ, ഫെരാരി വേൾഡ്, മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, സ്കൈ ടവേഴ്സ് എന്നിവയാണ് അൽദാര്‍ നിര്‍മിച്ച പ്രധാന പദ്ധതികൾ.