വിവരങ്ങള്‍ ചോര്‍ത്തല്‍: ഫേസ്ബുക്കിനു മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ഫേസ്ബുക്ക് 50 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഏജന്‍സികളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പൗരന്മാരെ ശാക്തീകരിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. യു.എസ് പ്രസിഡൻറ് ട്രംപിന്റെ വിജയത്തിനായി 50 മില്യൺ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫേസ്ബുക്ക് ചോർത്തിയെന്ന വാർത്തകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, വാട്സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയന്‍ ആക്ടൺ ഫേസ്ബുക്കിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്നാണ് ബ്രയന്‍ ട്വിറ്ററില്‍ കുറിച്ചത്. ഡിലീറ്റ് ഫോർ ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോട് കൂടിയാണ് ബ്രയന്‍ ട്വിറ്ററിലിൽ പോസ്റ്റിട്ടിരിക്കുന്നത്. വിവരങ്ങൾ ചോർന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ഹാഷ് ടാഗിന് പിന്തുണയുമായി എത്തുന്നത്.