പേരിന്‍റെ പേരില്‍ പോര്
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. പേരില്‍ പലതുമുണ്ടെന്ന് ഗുജറാത്തിലെ ഓട്ടോ ഡ്രൈവര്‍ രാജ് വീര്‍ ഉപാധ്യായ പറയും. പേര് മാറ്റാനുള്ള രാജ് വീറിന്‍റെ അപേക്ഷ രാജ്കോട്ട് ഗസറ്റ് ഓഫീസ് തള്ളി. ഇതോടെ പേരുമാറ്റം നിയമയുദ്ധത്തിന് വഴിതുറക്കുകയാണ്.
പേരിന്‍റെ പോര്
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുരു ബ്രാഹ്മിന്‍ സമുദായാംഗമാണ് 34കാരനായ രാജ് വീര്‍ ഉപാധ്യായ. യുക്തിവാദിയായ തന്‍റെ പേര് മതാധിഷ്ടിതമാകണമെന്നാണ് രാജ് വീര്‍ പറയുന്നത്. അങ്ങനെ പേരിലും മത നിരപേക്ഷത കൊണ്ടുവരാന്‍ രാജ് വീര്‍ തീരുമാനിച്ചു. തലപുകഞ്ഞ് ഒരു പേരും കണ്ടെത്തി. ആര്‍ വി 15567782. ആര്‍ വി എന്നത് രാജ് വീറിന്‍റെ ചുരുക്കപ്പേര്. ഒപ്പമുള്ള സംഖ്യ സ്കൂളിലെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പരും.
ആര്‍ വി 15567782
തന്‍റെ പേര് ആര്‍ വി 15567782 എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ് വീര്‍ കഴിഞ്ഞ മേയില്‍ അഹമ്മദാബാദ് കലക്ട്രേറ്റിനെ സമീപിച്ചു.ഗസറ്റില്‍ പരസ്യം ചെയ്യണം എന്നായിരുന്നു മറുപടി. അങ്ങനെയാണ് രാജ് വീര്‍ പുതിയ പേര് സഹിതം പ്രിന്‍റിംഗ് ആന്‍ഡ് സ്റ്റേഷനറി വകുപ്പിനെ സമീപിച്ചത്. കാരണം കൂടാതെ പക്ഷെ രാജ് വീറിന്‍റെ അപേക്ഷ നിരാകരിച്ചു. ഈ സാഹചര്യത്തില്‍ നീതി തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജ് വീര്‍
പേരിലെ കൗതുകം ഇവിടെയും
പുനലൂരിലെ ഫസലുദ്ദീന്‍-ആഗ്നസ് ദമ്പതികള്‍ മക്കളുടെ പേര് മത രഹിതമാകണമെന്ന് നിശ്ചയിച്ചവരാണ്. അങ്ങനെ മൂത്ത മകന്‍ കാസ്റ്റ് ലെസ് സീനിയറും രണ്ടാമന്‍ കാസ്റ്റ് ലെസ് ജൂനിയറും ആയി. മകള്‍ ഷൈന്‍ കാസ്റ്റ് ലെസ് . കാസ്റ്റ്ലെസ് ജൂനിയര്‍ സിപിഐ നേതാവും പുനലൂര്‍ നഗരസഭാ ഉപാധ്യക്ഷനുമായിരുന്നു. ഷൈനിന്‍റെ ഭര്‍ത്താവ് മുണ്ടക്കയം സ്വദേശി ചെഗുവേര. ചെഗുവേരയുടെ ചേട്ടന്‍ ചിത്രകാരനായ ഹോചിമിന്‍.
അണു കുടുംബം
എല്ലാവരും അണു കുടുംബം എന്നൊക്കെ പറയുമെങ്കിലും കൊല്ലം ജില്ലയിലെ പനയത്ത് പേരില്‍ തീര്‍ത്തൊരു അണുകുടുംബമുണ്ട്. ഇവിടെ സഹോദരന്മാരുടെ പേരുകള്‍ ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നാണ്. മൂവരും വിവാഹിതര്‍. ഇലക്ട്രോണ്‍ കൊല്ലത്ത് അഭിഭാഷകനും.
വാലത്ത് വീട്ടിലെ പ്രശസ്തര്‍
പ്രശസ്ത ചരിത്രകാരനായിരുന്ന അന്തരിച്ച വിവികെ വാലത്തിന്‍റെ മക്കളാണ് മോപ്പസാംഗ്,ഐന്‍സ്റ്റീന്‍, സോക്രട്ടീസ് എന്നിവര്‍. മോപ്പസാംഗ് ചിത്രകാരനും ഐന്‍സ്റ്റീനും സോക്രട്ടീസും കഥാകൃത്തുക്കളും.
റഷ്യയല്ലിത്ചേര്‍ത്തലയാണ്
ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്‌ഠകൊണ്ട് ഉഴുതുമറിച്ച ചേർത്തലയിലെ കളവംകോട് ഗ്രാമത്തിൽ വയലാർ സമരകാലത്ത് ജനിച്ച കുട്ടികൾക്ക് റഷ്യൻ പേരുകളാണ് മിക്ക മാതാപിതാക്കളും നല്‍കിയത്. സ്റ്റാലിനും ദിമിത്രോവും ക്രൂഷ്ചേവും ഒക്കെ അപ്പൂപ്പന്മാരായി ഇവിടുണ്ട്.സമീപ സ്ഥലമായ കഞ്ഞിക്കുഴിയുടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു പി പി സ്വാതന്ത്ര്യം. സഹോദരര്‍ പി പി സമത്വവും പി പി സാഹോദര്യവും.
തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനാണ് ജയില്‍ കുമാര്‍. പലരെയും ജയിലില്‍ നിന്നിറക്കുകയോ ജയിലേല്‍ക്ക് അയയ്ക്കാതെ രക്ഷിക്കുകയോ ചെയ്യുന്ന ഇദ്ദേഹം സിപിഎം നേതാക്കളായ അവണാകുഴി സദാശിവന്റെയും ജെ ശാരദാമ്മയുടെയും മകനാണ്. പോലീസ് സെല്ലില്‍ ജനിച്ച ജയില്‍ കുമാറിന് പേരിട്ടത് ഇഎംഎസും.
ഇങ്ങനെ പേരുകളില്‍ വൈവിധ്യം ഉള്ളവര്‍ ഏറെയുണ്ട്. ഇവിടെയാണ് ഇഷ്ടപേര് കിട്ടാന്‍ രാജ് വീര്‍ ഉപാധ്യായ നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. മറ്റു പേരുകാര്‍ ഇങ്ങ് ഇവിടെയും രാജ് വീര്‍ അങ്ങും എന്ന വ്യത്യാസമുണ്ടെന്നു മാത്രം.