ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ ടവറുമായി ദുബൈ

ദുബൈ സൗരോര്‍ജപാര്‍ക്കില്‍ ഇനി ഏറ്റവും വലിയ സൗരോര്‍ജ ടവര്‍ ഉയരും. 260മീറ്റര്‍ നീളമുള്ള സൗരോര്‍ജ ടവര്‍ സൗരോര്‍ജ പാര്‍ക്കിന്റെ നാലാം ഘട്ട പ്രവര്‍ത്തനമാണ്.

700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ നാലാംഘട്ടം ദുബായിലെ 2,70,000 വീടുകള്‍ക്ക് വെളിച്ചമേകും. മാത്രമല്ല 14 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 5000 മെഗാവാട്ട് ഊര്‍ജമാണ് ഉത്പാദിപ്പിക്കപ്പെടുക.

5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി നാലുഘട്ടമായാണ് പൂര്‍ത്തിയാക്കുന്നത്. 2020 -ഓടെ 1000 മെഗാവാട്ട് ഊര്‍ജമുത്പാദിപ്പിക്കാന്‍ പദ്ധതി സജ്ജമാകുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവ മേധാവി സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

എക്‌സ്‌പോ 2020ന് വേണ്ട മുഴുവന്‍ ഊര്‍ജവും ഈ ടവറിന് ഉല്‍പാദിപ്പിക്കാനാവുമെന്ന് മുഹമ്മദ് ബിന്‍ അല്‍ മക്തൂം പറഞ്ഞു. പൂര്‍ണമായും ശുദ്ധസ്രോതസ്സുകളില്‍നിന്ന് ഉത്പാദിപ്പിച്ച ഊര്‍ജവുമായി നടക്കുന്ന ആദ്യ എക്സ്പോ എന്ന ബഹുമതിയും ദുബായ് എക്സ്പോയ്ക്ക് സ്വന്തമാകും. ദുബായ് ക്ളീന്‍ എനര്‍ജി സ്ട്രാറ്റജി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും പദ്ധതി സഹായമാകുമെന്ന് ദീവ മേധാവി അറിയിച്ചു.