കുന്നന്താനം യോഗ 500 ഗ്രാമങ്ങള്‍ക്ക് മാതൃക
രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാന്‍ ആയുഷ് മന്ത്രാലയത്തിന്‍റെ തീരുമാനം. കേരളത്തെ സംബന്ധിച്ച് ഈ തീരുമാനത്തില്‍ ഇരട്ടി മധുരമാണ്. കാരണം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കുന്നത്. ഇവിടെ ഓരോ വീട്ടിലും ഒരംഗമെങ്കിലും യോഗ പരിശീലിക്കുന്നു. 500 ഗ്രാമങ്ങളിലും ഈ മാതൃകയാണ് പകര്‍ത്തുക.
നാളെ ഡല്‍ഹിയിലെ ടല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്‌ട്ര യോഗ ഉത്സവത്തില്‍ ആയുഷ് മന്ത്രാലയം സമ്പൂര്‍ണ യോഗ ഗ്രാമ പദ്ധതി പ്രഖ്യാപനം നടത്തും. ഈ 500 ഗ്രാമങ്ങളില്‍ ആരോഗ്യപരിപാലനങ്ങളുടെ കൃത്യമായ പരിശോധന നടത്താന്‍ ഗവേഷണ യൂണിറ്റ് സേവനങ്ങള്‍ ഉണ്ടാകും.
രാജ്യത്താകമാനമുള്ള 30,000 യോഗാ പരിശീലകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര യോഗ ഉത്സവം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കുന്നന്താനത്തെ മാതൃകാ യോഗാ ഗ്രാമമായി തിരഞ്ഞെടുത്തതില്‍ ആയുഷ് മന്ത്രി ശ്രിപദ് നയിക്കിനോട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.