Kerala

വിദേശ നിര്‍മിത വിദേശ മദ്യ വിതരണത്തിന് ടെന്‍ഡര്‍

സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യ ഔട്ട്‌ലറ്റുകളിലേയ്ക്കു വിദേശ നിര്‍മിത വിദേശ മദ്യവും വൈനും വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.  സ്വന്തമായി വിദേശ മദ്യ നിര്‍മാണ ശാലയും സംഭരണ ശാലയുമുള്ള നിര്‍മാതാക്കള്‍ക്കും ഔദ്യോഗിക വിതരണക്കാര്‍ക്കും ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഈ മാസം 26 മുതല്‍ ഏപ്രില്‍ 10 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്‌.

എന്നാല്‍ അബ്കാരി ആക്റ്റില്‍ രണ്ട് പ്രധാനപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാലേ വിദേശ നിര്‍മിത വിദേശ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ പറ്റൂ. എക്സൈസ് വകുപ്പിനാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുക. ഇത് ധനകാര്യ ബില്ലില്‍ അവതരിപ്പിച്ചു അനുമതി നേടണം. മദ്യത്തില്‍ ലഹരിയുടെ അംശം, ബ്രാന്‍ണ്ടുകളുടെ റജിസ്ട്രേഷന്‍, മദ്യകുപ്പിയുടെ അളവ്, ഒരു കുപ്പിക്ക്‌ അനുവദനീയമായ ഏറ്റവും കുറഞ്ഞതും കൂടിയതുമായ അളവ് എന്നിവയാണ് പ്രധാന രണ്ടു നിയമങ്ങളുടെ പരിധിയില്‍ വരുന്നത്.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തില്‍ 42.86 ശതമാനം വരെ ലഹരിയുടെ അംശമുണ്ട്. വിദേശ ബ്രാണ്ടുകളില്‍ ഇതിലും കൂടുതല്‍ അളവ് ലഹരിയുടെ അംശമുണ്ട്. രാജ്യത്ത് നിര്‍മിക്കുന്ന വിദേശ മദ്യ കുപ്പികളുടെ അളവ് 180 മില്ലി മുതല്‍ 1.5 ലിറ്റര്‍ വരെയാണ്. എന്നാല്‍ വിദേശ ബ്രാന്‍ഡില്‍ ഇത് 60 മില്ലി, 90 മില്ലി, 2 ലിറ്റര്‍ എന്നിങ്ങനെയാണ്. ഇതിലൊക്കെ മാറ്റങ്ങള്‍ വരുത്തണം.

വിദേശ നിര്‍മിത വിദേശ മദ്യവും വൈനും സംസ്ഥാനത്ത് നിയമപരമായി കൊണ്ട് വരാന്‍ രണ്ടു മാര്‍ഗമേ ഇപ്പോള്‍ നിലവിലുള്ളൂ. ഒന്ന്, കസ്റ്റംസ് തീരുവ അടച്ച് ബാറുകള്‍ക്ക് മദ്യം കൊണ്ട് വരാം. രണ്ടാമതായി വിദേശത്തു നിന്നും വരുന്ന യാത്രക്കാര്‍ക്ക് ലഗേജിനൊപ്പം കൊണ്ട് വരാം. പക്ഷെ 4.5 ലിറ്റര്‍ വരെയേ വ്യക്തിക്ക് കൊണ്ടുവരാന്‍ സാധിക്കൂ.