കേരളത്തില്‍ അതിവേഗ ആകാശ റെയില്‍പാത: സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ അതിവേഗ ആകാശ റെയില്‍ പാത വരുമോ?… ഇതു സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് കേരള റെയില്‍ വികസന കോര്‍പറേഷന്‍ ലിമിറ്റട് (കെ.ആര്‍.ഡി.സി.എല്‍) റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ അതിവേഗ ട്രെയിനുകള്‍ക്ക് ഓടിയെത്താന്‍ 510 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ഇടനാഴി നിര്‍മിക്കാനുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
നിലവില്‍ 12 മണിക്കൂര്‍ വേണം കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം എത്താന്‍. റെയില്‍ ഇടനാഴി വരുന്നതോടെ ഇത് നാലു മണിക്കൂറായി ചുരുങ്ങും. റെയില്‍ ട്രാക്കുകളുമായി ചിലയിടങ്ങളില്‍ ബന്ധപ്പെടുത്തിയാണ് ആകാശ പാതയിലെ ട്രാക്കുകള്‍ നിര്‍മിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് അതിവേഗ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകുക.
കൂടാതെ ആകാശ റെയില്‍ പാതയ്ക്ക് കീഴില്‍ റോഡും നിര്‍മിക്കാനുള്ള നിര്‍ദേശവും കെ.ആര്‍.ഡി.സി.എല്‍ സാധ്യതാ പഠനത്തിലുണ്ട്. രാത്രി സമയങ്ങളില്‍ രാജധാനി എക്സ്പ്രസ്സും മറ്റു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും ഇതുവഴി കടത്തിവിടും. പദ്ധതിയ്ക്ക് 46,769 കോടി രൂപ നിര്‍മാണ ചെലവു കണക്കാക്കുന്നതായി കെ.ആര്‍.ഡി.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പറഞ്ഞു. അതായത് കിലോമീറ്ററിന് 90 കോടി രൂപ വീതം. ഏഴു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.