മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-വിസ ഗേറ്റുകള്‍
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇ-വിസ ഗേറ്റുകള്‍ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്റൂഖി അറിയിച്ചു. വിമാനത്താവളത്തിലെ നീണ്ട ക്യൂവില്‍ നിന്ന് രക്ഷപ്പെടാന്‍ സഞ്ചാരികള്‍ ഇ-വിസ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു.
വിസ ഒാൺ അറൈവൽ സൗകര്യം ലഭ്യമാണെങ്കിലും വിസാ നടപടിക്രമങ്ങൾ ഓൺലൈനിൽ പൂര്‍ത്തിയാക്കിയാല്‍ ഇമിഗ്രേഷനിലെ തിരക്കുകളില്‍ നിന്ന് മോചനം ലഭിക്കും. ഈ മാസം 21 മുതല്‍ മസ്കത്തിലേയ്ക്കുള്ള ടൂറിസ്റ്റ് വിസകള്‍ക്കും എക്സ്പ്രസ് വിസകള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om എന്ന വെബ്സൈറ്റ് വഴി ഇ-വിസക്ക് അപേക്ഷിക്കാം.
ഇന്ത്യയിൽനിന്നുള്ളവർക്ക് നിബന്ധനകളോടെയാണ് സ്പോൺസറില്ലാതെയുള്ള ഇ-വിസ ലഭ്യമാവുക. ടൂർ ഒാപറേറ്റർമാർക്കും ട്രാവൽ ഏജൻസികൾക്കും തങ്ങളുെട ഉപഭോക്താക്കൾക്കായി ഇൗ സൗകര്യം ലഭ്യമാക്കാമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. പുതിയ മസ്കത്ത് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ 13 ശതമാനം അധിക സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.