ലേ ലഡാക്ക് കാണാം; ഈ ടിപ്പുകള്‍ മറക്കേണ്ട
രാജ്യത്തെ ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലേക്ക് പോകാന്‍ ഇതാ ചില ടിപ്പുകള്‍;
?റോഹ്തംഗ് പാസ് എപ്പോള്‍ തുറക്കും
= സാധാരണ മേയ് പകുതിയോടെ തുറക്കും.മഞ്ഞു കുറഞ്ഞാല്‍ തുറക്കുകയാണ് പതിവ്.
? ഡല്‍ഹിയില്‍ നിന്നും ഏതൊക്കെ വഴികളിലൂടെ ലേയിലെത്താം
= ശ്രീനഗര്‍, മണാലി,ഷിംല- കിന്നൂര്‍- കാസ എന്നിവ വഴി പോകാം. പത്താന്‍കോട്ട്, സച്ച്പാസ്,കില്ലാട് റോഡ് വഴി വലത്തോട്ടു പോയാല്‍ മണാലി-ലേ റോഡിലെത്താം. ഇടത്തോട്ടെങ്കില്‍ കിഷ്ത്വാര്‍ വഴി ലേയിലെത്തും.
?ഏറ്റവും നല്ല വഴിയേത്
ശ്രീനഗര്‍ വഴി പോകുന്നതാകും ഉചിതം. ഉയരത്തിലേക്ക് കയറുന്നത് ഘട്ടം ഘട്ടമായതിനാല്‍ അസ്വസ്ഥത ഇല്ലാതാക്കാം. മണാലി വഴി പോകുന്നെങ്കില്‍ പാസും നിര്‍ബന്ധം. പാസ് ഓള്‍ഡ് ലേ ബസ് സ്റ്റാന്റിനു പിന്നിലെ ഡിസി ഓഫീസില്‍ നിന്നും കിട്ടും.പാസിന്‍റെ ആറേഴു കോപ്പി കരുതുക. ഓരോ ചെക്ക് പോസ്റ്റിലും കോപ്പി കൊടുക്കണം.
?ലേയിലേക്ക് ബസില്‍ പോകാമോ
ലേ പാത തുറന്നാല്‍ ഡല്‍ഹി കശ്മീരി ഗേറ്റ് അന്തര്‍ സംസ്ഥാന ടെര്‍മിനലില്‍ നിന്നും ബസുണ്ട്. വൈകിട്ട് മൂന്നിന് പുറപ്പെടുന്ന ബസ് രാവിലെ എട്ടു മണിയോടെ മണാലി എത്തും. ഇവിടെ രണ്ടു മണിക്കൂര്‍ വിശ്രമിക്കാം. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം പത്തു മണിക്ക് വീണ്ടും ബസ് യാത്ര തുടങ്ങും. വൈകിട്ട് മൂന്നു മണിക്ക് കെയ് ലോങ്ങ് എന്ന സ്ഥലത്തെത്തും. അന്ന് അവിടെ താമസിക്കണം. അടുത്ത ദിവസം രാവിലെ അഞ്ചിന് ബസ് ലേയിലേക്ക്. വൈകിട്ട് ഏഴു മണിയോടെ ബസ് ലേയിലെത്തും. ഒരാള്‍ക്ക് 1400 രൂപയാണ് നിരക്ക്.
? ശ്രീനഗര്‍ വഴി ബസില്ലേ
ഉണ്ട്. രാവിലെ 5.30ന് തുടങ്ങുന്ന ബസ് സര്‍വീസ് അടുത്ത ദിവസം വൈകിട്ടോടെ ലേയില്‍ എത്തും. അഞ്ഞൂറ് രൂപ മുതലാണ് നിരക്ക്.
?ലേയില്‍ നിന്നും പിന്നെയും മുന്നോട്ടു പോകാനാവില്ലേ
രാവിലെ 6ന് പന്‍ഗോഗ് തടാകക്കരയിലേക്ക് ബസുണ്ട്.വൈകിട്ട് അവിടെയെത്തും. അടുത്ത ദിവസം രാവിലെ തിരിക്കും. ഒരു വശത്തേക്ക് നിരക്ക് അഞ്ഞൂറ് രൂപ.
? ലോറിയില്‍ പോകാമോ
ചെലവാക്കാന്‍ സമയമുണ്ടേല്‍ പഞ്ചാബ് രജിസ്ട്രഷന്‍ ലോറിക്ക് കൈ കാണിച്ചോളൂ.അവര്‍ അവരുടെ ഇഷ്ടത്തിന് പലേടത്തും നിര്‍ത്തിയാകും പോവുക.
? ബൈക്കോ കാറോ ആയാലോ
നല്ല ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള കാര്‍ വേണം ഉപയോഗിക്കാന്‍. വാടക വണ്ടിയല്ലന്നു തെളിയിക്കാന്‍ ആര്‍ സി ഉടമയുടെ ഐ കാര്‍ഡ് കോപ്പി കരുതണം. ലേയില്‍ നിന്നല്ലാത്ത ടാക്സികള്‍ ലേയിലെ ടാക്സിക്കാര്‍ തടയും. മണാലിയില്‍ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്തു വന്നാല്‍ രാവിലെ ഏഴിന് മുന്‍പ് ലേ വിടുക. ടാക്സിക്കാരുടെ പരിശോധന ഏഴു മണിക്ക് ശേഷമേ തുടങ്ങൂ. നാട്ടില്‍ നിന്നും ബൈക്കില്‍ വന്നാല്‍ ഒരാള്‍ക്ക് 25000-30000 രൂപ ചെലവു പ്രതീക്ഷിക്കാം. ഡല്‍ഹിയില്‍ നിന്നെങ്കില്‍ 15000-20000 രൂപയും.നാട്ടില്‍ നിന്നും ഏറെ ദൂരം ബൈക്ക് ഓടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ചണ്ഢീഗഡ്‍ വരെ പാര്‍സല്‍ അയച്ചിട്ട് അവിടെനിന്നെടുത്ത് ലേയ്ക്ക് പോകാം.
? പെട്രോള്‍ കിട്ടുമോ?
ലേ കഴിഞ്ഞാല്‍ ഹണ്ടറിലാണ് പെട്രോള്‍ പമ്പ്. ഗ്രാമങ്ങളിലെ കടകളില്‍ പെട്രോള്‍ കിട്ടുമെങ്കിലും അന്യായ വിലയാണ്. ഇത്തരം പെട്രോളിന്‍റെ ശുദ്ധിയിലും സംശയമുണ്ട്.
? ഫോണ്‍ കിട്ടുമോ?
ലേയില്‍ അവിടുത്തെ സിമ്മോ പോസ്റ്റ് പെയ്ഡ് കണക്ഷനോ മാത്രമേ പ്രവര്‍ത്തിക്കൂ.
? ചെലവു കുറയ്ക്കാമോ
അത്യാവശ്യം ചില സാധനങ്ങള്‍ കരുതിയാല്‍ യാത്രാ ചെലവു കുറയ്ക്കാം. സ്ററൗ ഘടിപ്പിക്കാവുന്ന ചെറിയ ഗാസ് സിലിണ്ടര്‍,അത്യാവശ്യം പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടെന്റ് ,സ്ലീപ്പിംഗ് ബാഗ് എന്നിവ കരുതുക. പൊതുവേ സുരക്ഷിതമാണ് ലേ ലഡാക്ക്. എവിടെയും ടെന്റ് അടിക്കാം. കാര്‍ഗിലിലെ ടിബറ്റന്‍ മാര്‍ക്കറ്റില്‍ നല്ല സ്ലീപ്പിംഗ് ബാഗ് വളരെക്കുറഞ്ഞ വിലയില്‍ കിട്ടും. അത്യാവശ്യം വേണ്ട മരുന്നുകളും ഗുളികകളും കരുതിക്കോളൂ.ഇനി ലേയിലേക്ക് പോകാം. ചീറിപ്പാഞ്ഞു പോകണ്ട. അങ്ങനെ പോയാല്‍ റോഡേ കാണൂ.. കാണേണ്ടവ കാണില്ല. അതുകൊണ്ട് പതുക്കെ പതുക്കെ കാഴ്ചകള്‍ ആസ്വദിച്ചു പോകാം.
ഡോണ്ട് മിസ്സ് : സോന്‍മാര്‍ഗ്, സോജിലാ പാസ്,കാര്‍ഗില്‍ യുദ്ധ സ്മാരകം,ലമയുരു, മാഗ്നെറ്റിക് ഹില്‍,ലേ പാലസ്,ഹാള്‍ ഓഫ് ഫെയിം,ശാന്തി സ്തൂപം,നംഗ്യാല്‍ ത്സെമോ മൊണാസ്ട്രി,ഖാര്‍ദംഗ് ലാ ടോപ്,നുബ്ര വാലി,ടുര്‍തുക് വില്ലേജ്