Middle East

ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സൂട്ട് ദുബൈയില്‍

ആരാധകര്‍ നല്‍കിയ ഒരു മില്യണ്‍ ലൈക്കിന്റെ ഭാഗമായി അറ്റ്‌ലാന്‍ഡിസ്, ദി പാം ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സ്യൂട്ട് തുറക്കാന്‍ ഒരുങ്ങുന്നു. ദുബൈയിലെ പ്രശസ്ത റിസോര്‍ട്ടില്‍ ഇന്ന് മുതലാണ് സ്യൂട്ട് ലോഞ്ച് ചെയ്യുന്നത്. ഒരു രാത്രി അറ്റ്‌ലാന്റിസ് ഫാന്‍ സ്യൂട്ടില്‍ ഫേസ്ബുക്ക് ആരാധകര്‍ക്ക് താമസിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും ബുക്ക് ചെയ്യാവുന്ന ഈ സൗകര്യം ഡിസംബര്‍ 2018 വരെയാണുള്ളത്.

സോഷ്യല്‍ മീഡിയ സ്യൂട്ടില്‍ നിന്ന് നോക്കിയാല്‍ ദി പാം ദ്വീപിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ മുറി തുറക്കാന്‍ വേണ്ടി ഡോറില്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യണം. അതിന് ശേഷം മുറിയില്‍ എത്തുന്ന അതിഥികള്‍ക്ക് ഫേസ്ബുക്ക് ഫാന്‍ ചാനല്‍ ടിവിയില്‍ കാണാം. മുറിയിലെ പ്രത്യേക ഇന്റര്‍കോം സിസ്റ്റം ഉപയോഗിച്ച് അതിഥികള്‍ക്ക് സ്വകാര്യ സേവകനെ ‘പോക്ക്’ ചെയ്യാം. തങ്ങളുടെ എല്ലാ നിമിഷങ്ങളും കൂട്ടുകാരുമായും കുടുംബവുമായി ഷെയര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ഫേസ്ബുക്ക് ലൈവ് ലോഞ്ച് സ്യൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ അതിഥികള്‍ക്ക് അവരുടെ ഹാന്‍ഡ്‌സെറ്റ് സ്റ്റാന്‍ഡില്‍ വെച്ചിട്ട് തംസപ് ആകൃതിയിലുള്ള അവരുടെ കസേരയില്‍ വിശ്രമിച്ചു കൊണ്ട് മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യാം.


ബാത്ത്‌റൂമിലുള്ള സോഷ്യല്‍ മീഡിയ മിറര്‍ ഉപയോഗിച്ച് മേക്ക്അപ് ചെയ്യുന്ന അവസരത്തിലും സുഹൃത്തുക്കള്‍ക്ക് മെസേജ് അയ്ക്കാം. ഇത് കൂടാതെ സോപ്പുകളിലും ഷേവിംഗ് കിറ്റുകളിലും മറ്റ് ബാത്ത്‌റൂം ഉപകരണങ്ങളിലും സോഷ്യല്‍ മീഡിയ സ്ലോഗന്‍ എഴുതി വെച്ചിട്ടുണ്ട്. സൗജന്യ താമസം കൂടാതെ അറ്റ്‌ലാന്റിസ് ഫാന്‍ സ്യൂട്ടില്‍ വിഐപി സുഖസൗകര്യങ്ങള്‍ ലഭ്യമാണ്. മാത്രമല്ല, ദി ലോസ് ചേംബേഴ് അക്വേറിയം, യൂറോപ്പും, മിഡില്‍ ഈസ്റ്റിന്റെ നമ്പര്‍ വണ്‍ വാട്ടര്‍ പാര്‍ക്കായ അക്വവെന്‍ഞ്ചറിലേക്കും സൗജന്യ പ്രവേശനം ലഭിക്കും. ഒരു ദിവസം 53,242 രൂപ ചിലവ് വരുന്ന അറ്റ്‌ലാന്റിസ് ഇംപീരിയല്‍ ക്ലബ്ബിലെ എല്ലാ സൗകര്യങ്ങളും അതിഥികള്‍ക്ക് ലഭിക്കും. ഇതില്‍ വിഐപി ചെക്ക് ഇന്‍, ബ്രേക്ക് ഫാസ്റ്റ്, ഉച്ചയ്ക്ക് ശേഷമുള്ള ചായ വൈകുന്നേരത്തെ പാനീയങ്ങള്‍ എന്നിവയ്ക്ക് ഇംപീയല്‍ ക്ലബ്ബിലേക്കുള്ള പ്രവേശനം, സ്വകാര്യ സേവകന്‍, കിഡ്‌സ് ക്ലബ്ബ് പ്രവേശനം, ഇംപീരിയല്‍ ക്ലബ്ബ് ബീച്ച് ഉപയോഗിക്കാനുള്ള അവസരം എന്നിവ ഇതില്‍ പെടും.

‘ഫേസ്ബുക്കില്‍ ഒരു മില്യണ്‍ ഫാന്‍സ് മാര്‍ക്ക് ലഭിച്ചത് ഞങ്ങളുടെ വലിയ നേട്ടമാണ്. ഫേസ്ബുക്ക് ഫാന്‍സ്ഇത്രയും നാള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് തിരിച്ചെന്തെങ്കിലും ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് ‘ – സെയില്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പിആര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാവിണി പരേര പറഞ്ഞു. ‘ അറ്റ്‌ലാന്റിസ് പാമിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് റിസോര്‍ട്ടിനെ ടാഗ് ചെയ്തു കൊണ്ട് ഒരാഴ്ച ഏകദേശം 2500 പോസ്റ്റുകളാണ് ലഭിക്കുന്നത്. ഓരോ വര്‍ഷവും 147,762 പേര്‍ AtlantisThePalm എന്ന ഹാഷ് ടാഗ് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല റിസോര്‍ട്ടിന്റെ മനോഹാരിതയും സൗന്ദര്യവും എടുത്തു കാണിക്കുന്ന വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടു വരുന്നത്. ഫേസ്ബുക്ക് ആരാധകരുടെ ആശയവും തുടര്‍ച്ചയായ പിന്തുണയും ഞങ്ങള്‍ ഇഷ്ടപ്പെട്ടതു പോലെ ഞങ്ങള്‍ അവര്‍ക്കായി ഒരുക്കിയ അന്റ്‌ലാന്റിസ് ഫാന്‍ സ്യൂട്ട് അവരും ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” – രാവിണി പരേര കൂട്ടിച്ചേര്‍ത്തു.