News

ചിന്നക്കടയില്‍ ആകാശപാത നിര്‍മിക്കുന്നു

കൊല്ലം നഗരത്തിൽ ഗതാഗതക്കുരുക്കിനെ മറികടന്ന് റോഡ്‌ മുറിച്ചു കടക്കാനാവാതെ വലയുന്ന കാൽനടയാത്രക്കാർക്കു തുണയാകാൻ ആകാശപാത വരുന്നു. ചിന്നക്കട ട്രാഫിക് റൗണ്ടിലാണു കേരളത്തിലെ തന്നെ ഈ മാതൃകയിലുള്ള പ്രഥമ പരീക്ഷണം. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ ചില മെട്രോപൊളിറ്റന്‍ നഗരങ്ങളിലും മാത്രമെ ഇത്തരം സംവിധാനം നിലവിലുള്ളൂ.

റോഡുനിരപ്പില്‍നിന്ന് 5.7 മിറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലാണ് ആകാശപാത നിര്‍മിക്കുക. പ്രമുഖ നിര്‍മാതാക്കളായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാവും കോര്‍പ്പറേഷനുവേണ്ടി സ്‌കൈവാക്കിന്‍റെ നിര്‍മാണച്ചുമതല ഏറ്റെടുക്കുക. പ്രമുഖ ആര്‍ക്കിടെക്ടും തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ട് വിഭാഗം മേധാവിയുമായ ഡോ. ജോത്സ്‌ന റാഫേലിന്‍റെ നേതൃത്വത്തിലാണ് രൂപരേഖ തയ്യാറാക്കിയത് ആറുമാസത്തിനുള്ളില്‍ പൂർത്തിയാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് 20 മുതൽ 25കോടി രൂപയാണ്.

ചിന്നക്കടയിലെ ട്രാഫിക് ഐലന്‍ഡില്‍ സ്ഥാപിക്കുന്ന നാല് വലിയ തൂണുകള്‍ക്കുമേലേയാണ് വൃത്താകൃതിയിലെ നടപ്പാത നിര്‍മിക്കുക. ആകാശപാതയിലേയ്ക്കു കയറാനും ഇറങ്ങാനും അഞ്ച് റോഡുകളിലേക്കും ഗതാഗതതടസ്സം ഉണ്ടാകാത്ത വിധത്തില്‍ പടവുകള്‍ ഉണ്ടാവും. പടവുകള്‍ കയറാന്‍ പറ്റാത്തവര്‍ക്കായി രണ്ടിടത്ത് ലിഫ്റ്റുകളും മൂന്നിടത്ത് എസ്‌കലേറ്ററുകളും നിര്‍മിക്കും.

വെയിലും മഴയും കൊള്ളാതെ നടക്കാവുന്ന നടപ്പാതയ്ക്ക് മൊത്തം അഞ്ച് മീറ്റര്‍ വീതിയുണ്ടാവും. അതില്‍ രണ്ട് മീറ്റര്‍ വീതിയിലെ സ്ഥലത്ത് കടകള്‍ നിര്‍മിക്കും. 89 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 26 കടകള്‍ നിര്‍മിക്കാന്‍ കഴിയും. ഓരോ കടകളുടെയും ഇടയ്ക്കായി വിശ്രമിക്കാനുള്ള ബെഞ്ചുകളുണ്ടാവും.

നടപ്പാതയിലെ ലിഫ്റ്റിന് മുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളില്‍നിന്നാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജം ലഭ്യമാക്കുന്നത്. മഴക്കാലത്തേക്കുവേണ്ടി സൗരോര്‍ജം ശേഖരിച്ചുവയ്ക്കാനുള്ള സംവിധാനവും ഒരുക്കാന്‍ പറ്റുമെന്ന് ഡോ. ജോത്സ്‌ന റാഫേല്‍ പറഞ്ഞു.