Kerala

പുതിയ മദ്യശാലകള്‍ തുറക്കില്ല: എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് ഒരു പുതിയ മദ്യശാല പോലും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. പുതിയ മദ്യശാലകള്‍ തുറക്കുമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും അത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് അടച്ചുപൂട്ടിയ മദ്യശാലകള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാറിന്‍റെ നയം. ലഹരി വര്‍ജനം എന്നത് കേരളം കൈവരിക്കേണ്ട ലക്ഷ്യങ്ങളിലൊന്നായി എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ‘വിമുക്തി’ എന്ന ഒരു ബോധവല്‍ക്കരണ പ്രസ്താനത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വിമുക്തിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ടെന്നും അത് ഫലം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കോടതി ഉത്തരവനുസരിച്ച് പൂട്ടിയ ബാറുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. വന്‍തോതില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. യോഗ്യതയില്ലാത്ത ഒരു ഷാപ്പും നടത്താന്‍ അനുദിക്കില്ല.  കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍,  പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പൂട്ടിയ മദ്യശാലകള്‍ തുറക്കാം എന്ന് അടുത്തിടെ വന്ന സുപ്രീം കോടതി വിധികളില്‍ പറഞ്ഞിരുന്നു.

ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 171 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ആറ് റീടെയില്‍ മദ്യവില്‍പന ശാലകള്‍, ഒരു ക്ലബ്, മൂന്ന് സൈനിക കാന്‍റീനുകള്‍, 499 കള്ളുഷാപ്പുകള്‍ എന്നിവയാണ് തുറന്നു പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാറിന്‍റെ പൊതു നയത്തിന്‍റെ ഭാഗമായിട്ടാണ് ഈ ഉത്തരവുകള്‍. നിരവധി തൊഴിലാളികള്‍ക്ക് അടച്ചുപൂട്ടലിന്‍റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു. 12,000 ല്‍ അധികം ചെത്ത് തൊഴിലാളികള്‍ക്കും 7000ല്‍ അധികം ബാര്‍ ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.