Kerala

പത്തനംതിട്ട- ചെങ്ങന്നൂര്‍ ലോഫ്ലോർ  ബസ് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ നോണ്‍ എസി ബസ് പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. 6,800 രൂപയുടെ റെക്കോഡ് വരുമാന നേട്ടമാണ് പരീക്ഷണ ഓട്ട ദിനത്തില്‍ ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസുകളാണ് പത്തനംതിട്ട- ചെങ്ങന്നൂര്‍ റെയില്‍വേ സ്‌സ്റ്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.


റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വേഗത്തില്‍ എത്തുവാന്‍ വേണ്ടിയാണ് ബസ് സര്‍വീസ്.കോഴഞ്ചേരിക്ക് പോകാതെ പകരം തെക്കേമലയില്‍ നിന്നു നേരെ ആറുമുള,ആറാട്ടുപുഴ വഴി ചെങ്ങന്നൂര്‍ എത്തിചേരുകയാണ് ബസ്.

പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ചെങ്ങന്നൂര്‍- പത്തനാപുരം റൂട്ടില്‍ ചെയിന്‍ സര്‍വീസാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്ന് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആചാരി പറഞ്ഞു. ആറു ബസുകളാണ് ഇതിന് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂര്‍, കോന്നി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.