Kerala

കേരള ബ്ലോഗ് എക്‌സ്പ്രസ് യാത്ര തുടങ്ങി

കേരള ടൂറിസത്തിനെ ലോക ശ്രദ്ധയുടെ നെറുകയിലെത്തിക്കാന്‍ ലോക പ്രശസ്ത ബ്ലോഗേഴ്‌സുമായി സഞ്ചരിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാം സീസണ്‍  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  ഫ്ലാഗ്ഓഫ് ചെയ്തു കൊണ്ട് യാത്ര ആരംഭിച്ചു. ആലപ്പുഴ, കുമരകം, തൃശ്ശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തി കേരളത്തിന്റെ സംസ്‌ക്കാരത്തിനെ ലോകം മുഴുവന്‍ അറിയിക്കുക എന്നതാണ് കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ലക്ഷ്യം. 28 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് കേരളം കാണാന്‍ ഇറങ്ങുന്നത്.

കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ ബ്ലോഗര്‍മാരുടെ സംഘം മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും നഗരജീവിത ദൃശ്യങ്ങളും ഉള്‍പ്പെടെ കേരളീയ ഗ്രാമ-നഗര കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വിഡിയോ ദൃശ്യങ്ങളായും സഞ്ചാര സാഹിത്യമായും അവരവരുടെ ബ്ലോഗുകളിലൂടെ പ്രചരിപ്പിക്കും.


ഓണ്‍ലൈനിലൂടെ നടത്തിയ വോട്ടെടുപ്പില്‍ മികച്ച നേട്ടം കൈവരിച്ച ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് ബ്ലോഗ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുക.

‘ദി ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്ന ടാഗോടുകൂടി അവതരിപ്പിക്കപ്പെടുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് ആഗോളതലത്തിലുള്ള ട്രാവല്‍ ബ്ലോഗേഴ്‌സിനെ ഒന്നിപ്പിക്കുന്നു. കേരള ടൂറിസം നടപ്പാക്കിയ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ മുന്‍കാല എഡിഷനുകള്‍ക്ക് അതിന്റെ അസാധാരണത്വം കൊണ്ട് വമ്പിച്ച പ്രതികരണമാണ് ലഭിച്ചതെന്നും കേരള ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കുന്ന ബ്ലോഗര്‍മാരുടെ യാത്രാനുഭവങ്ങള്‍ കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രചോദനമാവുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍
നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്‌സ്പ്രസ് ഏപ്രില്‍ ഒന്നിന് കൊച്ചിയില്‍ സമാപിക്കും.