ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിർമിക്കും

ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്.


ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.

നിലവില്‍ മെട്രോ സ്റ്റേഷനു മുന്‍പിലാണു ബസ് നിര്‍ത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്കു തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനും സ്‌ക്വയര്‍ ഉപയോഗിക്കാം. ആലന്തൂര്‍ സ്റ്റേഷനെ കൂടാതെ ചെന്നൈ സെന്‍ട്രല്‍ ഭൂഗര്‍ഭ സ്റ്റേഷനോടു ചേര്‍ന്നും ഈ സൗകര്യം ഒരുക്കുമെന്നു സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.