ഗ്രൂപ്പുകൾക്ക് വാട്സ്ആപ്പില്‍ പുതിയ ഫീച്ചർ
ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. ആൻഡ്രോയിഡ്, വിൻഡോസ് ഫോണുകളിലാവും പുതിയ അപ്ഡേഷൻ ആദ്യം ലഭ്യമാകുക.
ഗ്രൂപ്പിലെ പ്രത്യേക അംഗത്തിന് ഇതിനെ സംബന്ധിച്ചുള്ള വിവരണം ഉൾപ്പെടുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് നൽകുക. ചാറ്റ് വിൻഡോയിൽ തന്നെ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വിവരണവും ലഭ്യമാകും. ഗ്രൂപ്പിലേക്ക് ആളുകളെ ക്ഷണിച്ചുള്ള ഇൻവിറ്റേഷൻ ലിങ്കിലും ഇൗ വിവരണം കാണാൻ സാധിക്കും.
ഇതിനൊപ്പം ഗ്രൂപ്പ് മെമ്പർമാരെ സേർച്ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനവും വാട്സ്ആപ്പ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോണിൽ ഇൗ സംവിധാനം നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.