സഹ്യപര്‍വതത്തിന്‍റെ രത്നാഭരണം… ലോണാവാല…
മുംബൈ നിവാസികള്‍ക്ക് തിരക്കുകളില്‍ നിന്നും ഒന്നുശ്വാസം വിടാന്‍ പറ്റിയ ഒരിടമാണ് സഹ്യപര്‍വ്വതത്തിന്‍റെ രത്‌നാഭരണം എന്നറിയപ്പെടുന്ന ലോണാവാല. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യാദ്രിയുടെ രത്‌നം എന്നാണ് അറിയപ്പെടുന്നത്. സഹ്യാദ്രി പര്‍വത നിരകളിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം തന്നെ ലോണാവാലയെന്നാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ലോണാവാല. മഴക്കാലത്ത് പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ഇവിടം ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്.
അല്‍പം ചരിത്രം
സംസ്‌കൃത ഭാഷയില്‍ നിന്നും രൂപമെടുത്ത പദമാണ് ലോണാവാല. സംസ്‌കൃതത്തില്‍ ലോണവ് ലി എന്നാല്‍ ഗുഹകള്‍ എന്നും ആവലി എന്നാല്‍ കൂട്ടം എന്നുമാണ് അര്‍ഥം. ലെന്‍ എന്നാല്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത വിശ്രമ സ്ഥലം എന്നും പറയും. കരിങ്കല്ലിലും പുല്‍മേടുകളിലും തീര്‍ത്തിരിക്കുന്ന മനോഹരമാ ഇടമാണിത് ലോണാവാല എന്നതില്‍ സംശയമില്ല. ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്‍മാര്‍ എന്നാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് സ്ഥലത്തിന്‍റെ സൈനിക വാണിജ്യ പ്രാധാന്യം മനസ്സിലാക്കിയ മുഗല്‍ രാജാക്കന്‍മാര്‍ ഇവിടം കീഴടക്കുകയും തങ്ങളുടെ കൈവശം ആക്കുകയും ചെയ്തു. ഏറെക്കാലം മുഗള്‍ രാജാക്കന്മാര്‍ ഇവിടം ഭരിച്ചിരുന്നു.
ഇന്ത്യയിലെ മറ്റേതൊരു ഹില്‍സ്റ്റേഷനേയും പോലെ ലോണാവാലയും ബ്രിട്ടീഷുകാരുടെ കണ്ടുപിടുത്തമായിരുന്നു എന്നു വേണം പറയുവാന്‍. 1871ലാണ് ബോംബെ ഗവര്‍ണര്‍ ആയിരുന്ന സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ഇവിടം കണ്ടെത്തുന്നത്. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഇവിടം പണ്ട്മുതലേ തീരെ കുറഞ്ഞ ഒരു ഇടമായിരുന്നു. അന്നു മുതല്‍ വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.
ഒരു വശത്തു ഡെക്കാന്‍ പീഡഭൂമിയും മറുവശത്ത് കൊങ്കണ്‍ കടല്‍ത്തീരങ്ങളും ചേര്‍ന്ന ലൊണാവാലയില്‍ കാഴ്ചകളുടെ പൂരമാണ് ഉള്ളത്. കോട്ടകള്‍, ഗുഹകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവ ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. രാജ്മാച്ചി പോയന്‍റ്, ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, ലോണാവാല ലേക്ക്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ഷൂട്ടിങ് പോയന്‍റ്, ലയണ്‍ പോയന്‍റ്, വിസാപൂര്‍ ഫോര്‍ട്ട് തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകള്‍.