വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ തുറക്കാം
ദേശീയ-സംസ്ഥാന പാതകളില്‍നിന്ന് നിശ്ചിതദൂരം പാലിക്കാത്തതിനാല്‍ പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകളും ദൂരപരിധി നിയമത്തിന്റെ പരിധിയില്‍നിന്ന് പുറത്താകും. ഇവയെ നഗരപ്രദേശമായി കണക്കാക്കാമെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങള്‍ക്കും ഇതിനുമേല്‍ ജനസംഖ്യയുണ്ട്. കൂടാതെ വിനോദ സഞ്ചാര മേഖലകളായി നികുതിവകുപ്പോ, വിനോദ സഞ്ചാര വകുപ്പോ നിര്‍ണയിച്ചു പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങളുടെ കാര്യത്തില്‍ നഗരങ്ങള്‍ക്ക് സമാനമായ സ്വഭാവ വിശേഷങ്ങലുള്ള മേഖലയായി കണക്കാക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. അതായത് ഇനി മുതല്‍ നഗര സ്വഭാവമുള്ള വിനോദ സഞ്ചാര മേഖലകളായ ഗ്രാമങ്ങളിലും മദ്യശാലകള്‍ തുറക്കാം.
കള്ളുഷാപ്പുകള്‍ക്കും പുതിയ ഭേദഗതിയുടെ പ്രയോജനം ലഭിക്കും. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദേശീയ സംസ്ഥാന പാതകളില്‍നിന്നുള്ള ദൂരപരിധി പാലിക്കാതെ മദ്യവില്പനശാലകള് തുടങ്ങാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത്തരം പട്ടണങ്ങള്‍ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
അതേ സമയം, പിണറായി സർക്കാറിന്റെ മദ്യനയത്തിലുള്ള ജനങ്ങളുടെ പ്രതിഫലനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കാണാമെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്കി. ഇതിനു മറുപടിയായി, ഇടതു സർക്കാറിന്റെ മദ്യനയത്തിനെതിരായ കെ.സി.ബി.സിയുടെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുന്നതായി മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.