Tech

ഷവോമി എക്‌സേഞ്ച് ഓഫര്‍ ഓണ്‍ലൈന്‍ വഴിയും

എം.ഐ ഹോം സ്‌റ്റോറുകള്‍ വഴി നല്‍കി വന്നിരുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഇനിമുതല്‍ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ എം.ഐ ഡോട്ട് കോമിലും ലഭിക്കും. ചൊവ്വാഴ്ചയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ കമ്പനി വെബ്‌സൈറ്റിലേക്ക് വ്യാപിപ്പിച്ചത്. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്‍റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം.

ഈ ഓഫര്‍ ലഭിക്കുന്നതിനായി മി ഡോട്ട് കോമില്‍ ഒരുക്കിയിട്ടുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രത്യേക പേജില്‍ കൈമാറ്റം ചെയ്യാനുദ്ദേശിക്കുന്ന സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുക്കുക. ഹാന്‍റ്സെറ്റിന്‍റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്‌സ്‌ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും. ഈ വില സ്വീകാര്യമെങ്കില്‍ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കി അത് അംഗീകരിക്കുക. തുടര്‍ന്ന് എം.ഐ അക്കൗണ്ടില്‍ എക്‌സ്‌ചേ്ഞ്ച് വാല്യൂ കൂപ്പണ്‍ ക്രെഡിറ്റ് ആകും. ഒരു പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം. ഫോണ്‍ കൈപ്പറ്റുന്ന സമയത്ത് പഴയ ഫോണ്‍ നല്‍കിയാല്‍ മതി.

പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സാധിക്കൂ. കൈമാറുന്നതിന് മുമ്പ് എല്ലാ വിധ സ്‌ക്രീന്‍ ലോക്കുകളും അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കണം. ഷവോമിയുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ചെയ്യാനാവൂ. ഒരു സമയം ഒരു ഫോണ്‍ മാത്രമേ കൈമാറ്റം ചെയ്യാനാവൂ എന്ന നിബന്ധനയുമുണ്ട്. 14 ദിവസമാണ് എക്‌സ്‌ചേഞ്ച് കൂപ്പണിന്‍റെ കാലാവധി. സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുന്നതിന് മാത്രമാണ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ബാധകമാവുക.