Kerala

യൂണിഫോമിടാതെ വാഹനമോടിച്ചാല്‍ ഇനി പിടിവീഴും

യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിച്ചാല്‍ ഇനി കര്‍ശന നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.എന്നാല്‍ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമാവാത്തതിനാല്‍ ഏതു യൂണിഫോം ധരിക്കണമെന്നറിയാതെ ഡ്രൈവര്‍മാര്‍. സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ മാത്രമാണ് കൃത്യമായി യൂണിഫോം ധരിക്കുന്നതെന്നും മറ്റു പല വകുപ്പകളിലെയും ഡ്രൈവര്‍മാര്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാണ് വാഹനമോടിക്കുന്നതെന്നും കാണിച്ച് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ പരാതി ലഭിച്ചിരുന്നു. മന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സെല്ലില്‍ നിന്ന് ഗതാഗതവകുപ്പ് കമ്മീഷണര്‍ക്ക് കത്തു നല്‍കുകയും നടപടിയെടുക്കാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു.


ലഭിച്ച പരാതിയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയത്. നിയമവിധേയമായ യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ഇദ്ദേഹം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ജോ. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കി.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പലതരം യൂണിഫോമാണ് നിലവിലുള്ളത്. വ്യക്തമായ ഒരുത്തരവോ നിര്‍ദേശമോ ഒന്നും ഇക്കാര്യത്തില്‍ നിലവിലില്ലെന്നും ഡ്രൈവര്‍മാര്‍ക്ക് വെള്ളഷര്‍ട്ടും കറുത്ത പാന്റും യൂണിഫോമായി നിശ്ചയിച്ചിട്ടുള്ളത്. നഴ്സുമാരുടെയും പോലീസിന്റെയും യൂണിഫോമാണ് അതിനു മുന്‍പ് പരിഷ്‌കരിച്ചത്. വര്‍ഷങ്ങള്‍
ക്കു മുന്‍പു വന്ന പേറിവിഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വകുപ്പുകള്‍ യൂണിഫോമെന്തെന്ന് സ്വയം തീരുമാനിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.


മന്ത്രിമാരുടെയും കളക്ടര്‍മാരുടെയും കോടതികളിലെയും ഡ്രൈവര്‍മാരാണെങ്കില്‍ വെള്ള യൂണിഫോമാണ് ധരിക്കുന്നത്. മറ്റു പല വകുപ്പുകളിലും കാക്കിപാന്റും ഷര്‍ട്ടും ധരിക്കുന്നു. ആരോഗ്യവകുപ്പില്‍ ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍മാര്‍ക്കും കാക്കിയാണ് യൂണിഫോം. അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സ് ഡ്രൈവറേത് അറ്റന്‍ഡറേതെന്നറിയാതെ ജീവനക്കാരും ജനങ്ങളും ഇതുമൂലം പ്രയാസപ്പെടുന്നു.

സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനം ഇപ്പോഴും തിരുമാനമാകാതെ കിടക്കുകയാണെന്ന് ജില്ലാസെക്രട്ടറി വി .ചക്രപാണി പറയുന്നു.