News

മദ്യനയ ഭേദഗതി: സ്വാഗതം ചെയ്ത് ടൂറിസം മേഖല

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒരു മണിക്കൂര്‍ കൂടി കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ ടൂറിസം മേഖല സ്വാഗതം ചെയ്തു.
നിലവില്‍ രാത്രി 11 വരെയുള്ള ബാറുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 12 വരെ തുറക്കാമെന്നാണ് ഭേദഗതി.ഏപ്രില്‍ രണ്ടിന് ഭേദഗതി പ്രാബല്യത്തില്‍ വരും.
ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ടൂറിസം മേഖല ഏറെ നാളായി ആവശ്യപ്പെട്ടു വരികയാണ്.
നേരത്തെ ബാറുകള്‍ അടച്ചിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. സംഘമായെത്തുന്ന സഞ്ചാരികളും കോണ്‍ഫ്രന്‍സുകളും കേരളം ഉപേക്ഷിച്ച് ശ്രീലങ്കയിലേക്കും മറ്റിടങ്ങളിലേക്കും പോയി.
പിന്നീട് ബാറുകള്‍ തുറന്നെങ്കിലും പതിനൊന്നു മണിക്ക് അടയ്ക്കണമെന്ന നിബന്ധന പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. പല കോണ്‍ഫ്രന്‍സുകളും രാത്രി വൈകിയാണ് അവസാനിക്കുന്നത്. തൊട്ടുപിന്നാലെ ബാറുകളും അടക്കുന്ന സ്ഥിതിയായി.
പുതിയ തീരുമാനം സമ്മേളനങ്ങള്‍ക്കുള്ള മൈസ് (MICE)ടൂറിസത്തിനും ആശ്വാസമായിട്ടുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(ATTOI) സ്വാഗതം ചെയ്തു.വിനോദസഞ്ചാര മേഖല ആവശ്യപ്പെട്ടിരുന്ന കാര്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍, സെക്രട്ടറി വി ശ്രീകുമാരമേനോന്‍ എന്നിവര്‍ പറഞ്ഞു.
വിദേശ നിര്‍മിത മദ്യങ്ങള്‍ ബെവ്കോ,കണ്‍സ്യൂമര്‍ഫെഡ് വില്പ്പനശാലകളിലൂടെ വില്‍ക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.
മദ്യം നിറയ്ക്കുന്നതിനു പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും കുപ്പികളില്‍ മതി മദ്യമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെടാനും തീരുമാനിച്ചു. നഗര പാതയോരത്തെ കള്ളുഷാപ്പുകള്‍ക്കുള്ള നിയന്ത്രണം നീക്കിയതോടെ സംസ്ഥാനത്ത് 400 കള്ളുഷാപ്പുകള്‍ കൂടി തുറക്കാനും അവസരമൊരുങ്ങിയിട്ടുണ്ട്.