Food

കുപ്പി വെള്ളത്തില്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് കലരുന്നെന്ന് പഠനറിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനികളുടെ വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ  അംശമുണ്ടെന്ന് കണ്ടെത്തല്‍. ഒമ്പത് രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേര്‍ച്ചര്‍ ഷെരി മാസണിന്‍റെ   നേതൃത്വത്തിലാണ് പഠനം നടന്നത്. പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡുകളിലെ വെള്ളത്തില്‍ വലിയതോതിലുള്ള പ്ലാസ്റ്റിക് അംശം ഉണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, യുഎസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് 250 കുപ്പിവെള്ളം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച 93% സാമ്പിളുകളിലും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍,നെസ്ലെ പ്യൂര്‍ ലൈഫ് ,ബിസ് ലേരി,എപുറ, ജെറോള്‍സ്‌റ്റെയ്‌നര്‍,മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പ്ലാസ്റ്റിക് മൂടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ  വകഭേദമായ പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ ട്രെപ്താലെറ്റ് എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നത്. ലഭിച്ചവയില്‍ 65%വും പ്ലാസ്റ്റിക് ശകലങ്ങളാണ് പകരം പ്ലാസ്റ്റിക് നാരുകളല്ലെന്നും പഠനത്തില്‍ വ്യക്തമാവുന്നു.
പ്ലാസ്റ്റിക് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിക്കുന്നത് ഓട്ടിസം, കാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത എന്നിവയിലേക്ക് വരെ നയിക്കുമെന്നും മാസണ്‍ പറയുന്നു.