ബംഗ്ലൂരു ബസ് ടെര്‍മിനലുകളില്‍ ഇനി സ്കൂട്ടര്‍ സര്‍വീസും
നമ്മ മെട്രോയുടെ ചുവട് പിടിച്ച് ബി എം ടി സി ബസ് ടെര്‍മിനലുകളിലും ഇനി വാടക സ്കൂട്ടര്‍ പദ്ധതി. ശാന്തിനഗര്‍ ബി എം ടി സി ടെര്‍മിനലിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബൈക്ക് റെന്റല്‍ കമ്പനിയായ മെട്രോ ബൈക്ക്സാണ് വാടകയ്ക്കുള്ള സ്കൂട്ടര്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ നിര്‍വഹിച്ചു.
രണ്ട് മാസത്തിനുള്ളില്‍ 10 ബിഎംടിസി ടെര്‍മിനലുകളില്‍ കൂടി വാടക സ്കൂട്ടര്‍ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു. ബസ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്കു തുടര്‍യാത്രയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതിക്കു പരിഹാരം കൂടിയാണു വാടക സ്കൂട്ടറുകള്. ഗതാഗതക്കുരുക്കില്‍ പെടാതെ നഗരത്തില്‍ എവിടേക്കും യാത്ര ചെയ്യാന്‍ ഇതു സഹായിക്കും. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്കൂട്ടറില്‍ യാത്ര ചെയ്യാം.
കിലോമീറ്ററിന് ഇന്ധനചാര്‍ജ് ഉള്‍പ്പെടെ അഞ്ച് രൂപയാണ് വാടക സ്കൂട്ടറുകള്‍ക്ക് ഈടാക്കുന്നത്. ഇതിനു പുറമെ ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 പൈസ വീതം നല്‍കണം. ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. ഉപയോഗത്തിനുശേഷം സ്കൂട്ടറുകള് മെട്രോ ബൈക്സിന്റെ കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കാം. ജിപിഎസ് ഘടിപ്പിച്ച സ്കൂട്ടറുകള് ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സ് നല്കിയാല് ആര്‍ക്കും ലഭിക്കും. രാവിലെ ആറ് മുതല്‍ രാത്രി എട്ടുവരെയാണു സേവനം ലഭ്യമാകുക.