കേരള ബ്ലോഗ്‌ എക്സ്പ്രസ് ഈ മാസം 18ന് യാത്ര തുടങ്ങും

 

കേരള ബ്ലോഗ് എക്സ്പ്രസ് ഈ മാസം 18ന് യാത്രതിരിക്കും. ആലപ്പുഴ, കുമരകം, തൃശൂർ, മൂന്നാർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇത്തവണത്തെ പര്യടനം ഏപ്രിൽ ഒന്നിന് കൊച്ചിയില്‍ സമാപിക്കും. 28 രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗർമാരാണ് കേരള ബ്ലോഗ്‌ എക്സ്പ്രസില്‍ നാട് കാണാന്‍ ഇറങ്ങുന്നത്.

കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ അഞ്ചാമത് എഡിഷന്‍ മാസ്കറ്റ് ഹോട്ടലിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ ബ്ലോഗർമാരുടെ സംഘം മലനിരകളും കടൽത്തീരങ്ങളും ജലാശയങ്ങളും നഗരജീവിത ദൃശ്യങ്ങളും ഉൾപ്പെടെ കേരളീയ ഗ്രാമ-നഗര കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വിഡിയോ ദൃശ്യങ്ങളായും സഞ്ചാര സാഹിത്യമായും അവരവരുടെ ബ്ലോഗുകളിലൂടെ പ്രചരിപ്പിക്കും.

ഓൺലൈനിലൂടെ നടത്തിയ വോട്ടെടുപ്പിൽ മികച്ച നേട്ടം കൈവരിച്ച ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് ബ്ലോഗ്‌ എക്സ്പ്രസില്‍ യാത്ര ചെയ്യുക.

‘ദി ട്രിപ്പ് ഓഫ് എ ലൈഫ് ടൈം’ എന്ന ടാഗോടുകൂടി അവതരിപ്പിക്കപ്പെടുന്ന കേരള ബ്ലോഗ് എക്സ്പ്രസ് ആഗോളതലത്തിലുള്ള ട്രാവൽ ബ്ലോഗേഴ്സിനെ ഒന്നിപ്പിക്കുന്നു. കേരള ടൂറിസം നടപ്പാക്കിയ മറ്റ് സംരംഭങ്ങളിൽ നിന്നും വ്യത്യസ്തമായി കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ മുൻകാല എഡിഷനുകൾക്ക് അതിന്‍റെ അസാധാരണത്വം കൊണ്ട് വമ്പിച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു
കേരള ബ്ലോഗ് എക്സ്പ്രസിൽ പങ്കെടുക്കുന്ന ബ്ലോഗർമാരുടെ യാത്രാനുഭവങ്ങൾ കേരളം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് പ്രചോദനമാവുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ് പറഞ്ഞു.