ഈഫല്‍ ടവറിലേക്ക് യാത്ര
സപ്താത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പ്രതീഷ് ജയ്‌സണ്‍ എഴുതുന്നു
ആകാശത്തെ ചുംബിച്ച് പടുകൂറ്റന്‍ നിര്‍മിതി. ഈ വിസ്മയമൊന്നു അടുത്തു കാണുക എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഫ്രാന്‍സിലെ ഈഫൽ ടവർ എന്ന വിശ്വ കൗതുകം എന്നെ തെല്ലൊന്നുമല്ല ഭ്രമിപ്പിച്ചിട്ടുള്ളത്. ഏതായാലും ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ ആ മോഹം സഫലമായി.
പാരീസിലെത്തിയ എനിക്ക് ഈഫല്‍ ടവര്‍ കാണാനുള്ള ത്രില്ലില്‍ ആ രാത്രി ശരിക്ക് ഉറങ്ങാനായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി യാത്ര തുടങ്ങി. ലൂവ് മ്യൂസിയം വരെ ഒരു ടാക്സി വിളിച്ചു, അവിടന്ന് നടന്നുപോകാം എന്ന് തീരുമാനിച്ചു. ലൂവിന്റെ മുന്നിലുള്ള ട്യുയ്ലരീസ് ഗാര്‍ഡനിലൂടെ ഈഫൽ ടവർ ലക്ഷ്യമാക്കി നടത്തം തുടങ്ങി. ധാരാളം മരങ്ങളും ചെടികളും വാട്ടർ ഫൗണ്ടനുകളും ഉള്ള മനോഹരമായ പാർക്ക് ആണിത്
കാഴ്ചയും കെണിയും
കാഴ്ചകളൊക്കെ കണ്ടു നടന്നുകൊണ്ടിരിക്കെ ഞങ്ങൾ ഒരു കൂട്ടം വനിതാ മോഷ്ടാക്കളുടെ പിടിയില്‍പ്പെട്ടു . 4 പെണ്ണുങ്ങൾ ഒരു ബുക്കും പേനയുമായി വന്നു.അനാഥ കുട്ടികളെ സഹായത്തിനാണ്, ബുക്കിൽപേര് എഴുതി ഒപ്പിടണം എന്ന് ആവശ്യപ്പെട്ടു. പേര് എഴുതിക്കഴിഞ്ഞപ്പോൾ എന്തെലും പൈസ വേണമെന്നായി. എന്നാൽ പറ്റിക്കൽ അവിടംകൊണ്ടും തീർന്നില്ല. രണ്ടുപേർ ഇങ്ങനെ സംസാരിക്കുന്നതിന്റെ ഇടയിൽ, ഒരാള്‍ പരിസരം വീക്ഷിക്കുകയും, മറ്റൊരാള്‍ നമ്മുടെ ബാഗിലെ സാധനങ്ങൾ അടിച്ചുമാറ്റുകയും ചെയ്യും. ഭാഗ്യത്തിന് ബാഗിൽ കൈ ഇടുന്നതു ഞാൻ കണ്ടു. ഞങ്ങൾ “പോലീസ്” “പോലീസ്” എന്ന് വിളിച്ചപ്പോ, അവരെല്ലാം ഓടിപ്പോയി.. ‘ചാരിറ്റി സ്‌കാം’ എന്ന ഈ പരിപാടി പാരീസിൽ പല ഭാഗത്തും ഉണ്ടെന്നു പറയപ്പെടുന്നു. ഇനി അവിടെ പോകുന്നവര്‍ ജാഗ്രതൈ. അങ്ങനെ ഞങ്ങള്‍ നടന്നു ഈഫൽ ടവർ ടൂർ ബുക്ക് ചെയ്തിരുന്ന മീറ്റിംഗ് പോയിന്റിലെത്തി.
നീയെന്തെന്‍ അതിശയം!
പലൈസ് ഡി ചൈലോറ്റ് ആണ് മീറ്റിംഗ് പോയിന്റ് ആയി പറഞ്ഞിരുന്നത്. പലൈസ് ഡി ചൈലോറ്റ് എന്ന് പറഞ്ഞാല്‍ ചിലപ്പോ മനസ്സിലാവില്ല. ജീൻസ് സിനിമയിൽ സപ്താത്ഭുതങ്ങള്‍ക്ക് മുന്നില്‍ ഐശ്വര്യാ റായ്- പ്രശാന്ത് ജോഡികളുടെ നൃത്തം ഓര്‍മയില്ലേ? പൂവുക്കള്‍ ഒളിന്തിരിക്കും കനിക്കൂട്ടം അതിശയം എന്ന പാട്ടിൽ ഈഫല്‍ ടവറിനു മുന്നിലെ നൃത്തം ഈ സ്ഥലത്തുനിന്നാണ്. പിന്നെയും ഒരുപാട് ഇന്ത്യൻ സിനിമകളിൽ ഈഫൽ ടവർ പശ്ചാത്തലമായി ഇവിടം ചിത്രീകരിച്ചിട്ടുണ്ട്. കുറച്ചു സമയത്തിനകം ഗൈഡ് എത്തി. ഞങ്ങൾ ഒരു 10 പേരോളം ഉണ്ട്. അങ്ങനെ ഈഫൽ ടവർ ലക്ഷ്യമാക്കി നടത്തം തുടങ്ങി.
വഴിയെത്ര സുന്ദരം..
ഈഫൽ ടവറിലേക്കു നടക്കുന്ന വഴിയിലാണ് ട്രൊക്കാദെരോ ഗാര്‍ഡന്‍സ്. ഇവിടെ മനോഹരമായ ജലധാരകളുണ്ട്. മുന്നോട്ടു നടക്കുമ്പോൾ പോണ്ട് ഡി ഐന എന്ന പ്രസിദ്ധമായ പാലമാണ്. നടന്നു നടന്നു ഞങ്ങള്‍ ഈഫൽ ടവറിന്‍റെ ചുവട്ടിലെത്തി. വരുന്ന വഴിയിൽ ഗൈഡ് ഈഫൽ ടവറിന്‍റെ ചരിത്രമൊക്കെ പറയുന്നുണ്ടായിരുന്നു. കാഴ്ചകളിൽ മയങ്ങി ഞാൻ അതൊന്നും അത്ര ശ്രദ്ധിച്ചില്ല. 1899 ലാണ് 324 മീറ്റർ പൊക്കമുള്ള ലോക മഹാത്ഭുതങ്ങളിൽ ഒന്നായ ഇതു പണി തീർത്തത്. കൂടുതൽ ചരിത്രമൊന്നും പറയുന്നില്ല. വളരെ വലിയ ജനക്കൂട്ടമാണ് ഇതിനു മുന്നിൽ. ടവറിനു മുകളിലേക്ക് കയറാൻ വലിയ ക്യു ഉണ്ട്. ഞാൻ ഓൺലൈൻ വഴി 150 ഡോളര്‍ മുടക്കി ഗ്രൂപ്പ് ടൂർ ബുക്ക് ചെയ്തിരുന്നതിനാല്‍ ക്യൂവില്‍ നില്‍ക്കാതെ ഉള്ളിലേക്ക് കയറാൻ പറ്റി. (നേരിട്ട് ടിക്കറ്റ് എടുത്തു കയറാൻ 30 ഡോളര്‍ മാത്രമേ ഉള്ളു. ടവറിന്‍റെ ഏറ്റവും മുകളിൽ കയറാൻ കൂടുതൽ തുകയാവും.)
ടവറിന്‍റെ മടിയില്‍
കര്‍ശന സുരക്ഷാ പരിശോധന കഴിഞ്ഞു ലിഫ്റ്റിന്‍റെ അകത്തു കയറി. 20-30 പേർക്ക് കയറാൻ പറ്റുന്ന വലിയ ലിഫ്റ്റ് ആണ്. ലിഫ്റ്റ് ടവറിന്‍റെ ചരിവിലൂടെ ചരിഞ്ഞാണ് കയറുന്നത്. ആദ്യം ഞങ്ങൾ ടവറിന്‍റെ ഒന്നാം നിലയിൽ ഇറങ്ങി. ഇവിടെ ചെറിയ കഫട്ടീരിയ ഉണ്ട്. കൊല്ലുന്ന വിലയാണ്. തിരുവനന്തപുരം എയർ പോർട്ട് കഫേ ആണ് ലാഭം. ഈ നിലയിൽ കുറച്ചു ഭാഗത്തു തറയിൽ ഗ്ലാസ് ആണ് പാകിയിരിക്കുന്നത്. അതിലൂടെ താഴോട്ട് നോക്കുമ്പോൾ പേടിയാകും. അങ്ങനെ കുറച്ചുനേരം ആ നിലയിൽ കറങ്ങി, വീണ്ടും ലിഫ്റ്റിൽ കയറി രണ്ടാം നിലയിലേക്ക്.
രണ്ടാം നില തറയിൽ നിന്നും 125 മീറ്റർ പൊക്കത്തിലാണ്. ഇവിടെ നിന്നും പാരീസിന്‍റെ നല്ല കാഴ്ച കാണാം.ഇവിടെയും ചെറിയ കഫേ ഉണ്ട്. വീണ്ടും ലിഫ്റ്റിൽ കയറി ടവറിന്‍റെ ഏറ്റവും മുകളിലേക്ക്. ഇവിടെ നിന്നുള്ള പാരീസിന്‍റെ കാഴ്ച്ച അവിസ്മരണീയമാണ്. ഇവിടെ ഈഫൽ ടവർ പണിത എൻജിനീറായ ഗുസ്താവ് ഐഫലിന്‍റെ സ്വകാര്യ അപ്പാർട്മെന്റ് ഉണ്ട്. കൂടാതെ വൈൻ വിൽക്കുന്ന ഒരു ചെറിയ ഷോപ്പും.
പ്രണയിനികൾക്കു ചുംബിക്കുവാനും, ചുംബിച്ചുകൊണ്ട് പാരീസ് മുഴുവനുമുള്ള ബാക്ക്ഗ്രൗണ്ടിൽ പടം എടുക്കുവാനും പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.പാരീസിന്‍റെ പലതരം ഫോട്ടോ എടുത്ത ശേഷം മടങ്ങിയത് ജീവിതത്തിലെ വലിയ ആഗ്രഹം നിറവേറ്റിയ സന്തോഷത്തോടെയാണ്.
രാവില്‍ കുളിച്ച് നഗരം
രാത്രിയിൽ പാരീസിന്‍റെ മുക്കും മൂലയുമെല്ലാം പ്രത്യേക ഭംഗിയാണ്. രാത്രി വെളിച്ചത്തിൽ പാരീസിന്‍റെ ഭംഗി ആസ്വദിച്ചില്ലെങ്കിൽ യാത്ര പൂർണമാവില്ല. യൂറോപ്പിലെ ഒരു പ്രധാന രാതെരുവാണ് മൗലിന്‍ റോഗ് ഷോ നടക്കുന്ന സ്ട്രീറ്റ്. വഴിയിലുടനീളം പോൺ ഷോപ്പുകളാണ്. കടകളുടെ പുറത്തു വില്പനക്ക് വച്ചിരിക്കുന്ന പ്രതിമകളും, ഉപകരണങ്ങളും, ഡിവി ഡികളുമൊക്കെ അശ്ലീലം നിറഞ്ഞതാണ്. ഗുണ്ടകള്‍ നടത്തുന്ന സ്ട്രിപ് ക്ലബ്ബുകളും കാണാം. ഒരുപാട് ആളുകൾ, നോട്ടീസുകളുമായും, കാർഡുകളുമായും നമ്മളെ ക്യാൻവാസ് ചെയ്യാൻ വരും. ചെന്ന് കയറിക്കൊടുത്താൽ എപ്പോ പോക്കറ്റ് കാലിയായി എന്ന് നോക്കിയാമതി. പൈസ കൊടുത്തില്ലേൽ, കളസം വരെ അവന്മാർ കൊണ്ടുപോവും. ട്രിപ്പ് അഡ്വൈസറിൽ അങ്ങനെ കുറെ റിവ്യൂസ് കണ്ടിട്ടുണ്ട്. ചില ക്ലബ്ബുകളുടെ നോട്ടീസിൽ കൊടുത്തിരിക്കുന്ന ഡീറ്റെയിൽസ് കണ്ടാല്‍ തലകറങ്ങും. സഭ്യതയുടെ എല്ലാ അതിരും തെറ്റിക്കുന്നതായതിനാൽ അതിനെ പറ്റി പറയുന്നില്ല
അങ്ങനെ രാത്രിയിൽ പാരീസ് തെരുവിലൂടെ കുറെ അലഞ്ഞു തിരിഞ്ഞു നടന്നു. ലൂവും മറ്റു പാർക്കുകളെല്ലാം ഒന്നുടെ രാത്രിയിൽ കയറി ഇറങ്ങി. വീണ്ടും ഈഫൽ ടവറിന്‍റെ മുന്നിൽ എത്തി. രാത്രിയിൽ മഞ്ഞ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഈഫൽ ടവറിനേക്കാൾ നല്ല വേറെ ഒരു കാഴ്ച ഇല്ല. ഇന്നത്തെ ദിവസം 10-12 കിലോമീറ്റർ നടന്ന ക്ഷീണമെല്ലാം ഈ കാഴ്ച്ചയിൽ ഇല്ലാതായി…അങ്ങനെ മനസ്സ് നിറഞ്ഞു.യാത്ര ധന്യമായി.