ട്രെക്കിങ്ങ് നിരോധനമല്ല ബോധവല്‍ക്കരണമാണ് വേണ്ടത്: മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്
കുരങ്ങിണി മലയിലെ തീപിടിത്തത്തെത്തുടര്‍ന്ന് കേരളത്തിലെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. എന്നാല്‍ നിരോധനം അശാസ്ത്രീയമെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം:
തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടുതീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പ്പറ്റി ഒരു ലേഖനം എഴുതും എന്നത് ഇപ്പോൾ കേരളത്തിലെ ഒരു നാട്ടു നടപ്പാണ്. ചേട്ടൻ ഇതിനെക്കുറിച്ച് എഴുതണമെന്ന് ഏറെപ്പേർ പറയുകയും ചെയ്‌തു. എന്തെഴുതാനാണ് ?
എനിക്ക് കുറച്ച് പരിചയമുള്ള ഒരു മേഖലയാണിത്.1998ലെ എൽ നിനോ കാലത്ത് ബോർണിയോ ദ്വീപിൽ വൻ അഗ്നിബാധ ഉണ്ടായി, പുക ഫിലിപ്പീൻസ് മുതൽ സിംഗപ്പൂർ വരെ പരന്നു, വിമാനത്താവളങ്ങൾ അടച്ചിട്ടു. അക്കാലത്ത് ഉപഗ്രഹ ചിത്രങ്ങളുമായി ഫയർ മോണിറ്ററിങ് ചെയ്യാനും ഹെലികോപ്ടറിൽ ഫയർ ഫൈറ്റിങ്ങ് നടത്താനുമുള്ള അവസരം ഉണ്ടായിട്ടുണ്ട് (ഇത് ചെറുത്..)
ഫ്രാൻസിലെ അഗ്നിശമന സേനയുടെ പ്രധാന പരിശീലന കേന്ദ്രം ജനീവയിൽ നിന്നും അധികം ദൂരെയല്ല. വർദ്ധിച്ചു വരുന്ന കാട്ടുതീയെപ്പറ്റി , അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഞാൻ അവിടെ പരിശീലനം നേടിയിട്ടുണ്ട്. പക്ഷെ തൽക്കാലം അതൊന്നും ഞാൻ ഇന്ന് പറയുന്നില്ല. വേറെ കുറച്ചു കാര്യങ്ങൾ പറയാം.
കാടിന്‍റെ ആവാസവ്യവസ്ഥയുടെ ഭാഗം തന്നെയാണ് കാട്ടുതീയും. ഉത്തര അർദ്ധ ഗോളത്തിൽ കാലിഫോർണിയ മുതൽ റഷ്യ വരെയും, ദക്ഷിണ അർദ്ധഗോളത്തിൽ ബ്രസിൽ മുതൽ ആസ്‌ട്രേലിയ വരെയും കാട്ടുതീ ഏതാണ്ട് വർഷാവർഷം ഉണ്ടാകുന്നതാണ്. (മാപ്പ് നോക്കുക). ഇത് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല. നിയന്ത്രിക്കുക എന്നതാണ് പ്രധാന തന്ത്രം. വലിയ വനത്തിന്റെ അടുത്തുള്ള വാസഗൃഹങ്ങളും വൻ നഗരങ്ങളുടെ അടുത്തുള്ള ചെറിയ കാടുകളുമെല്ലാം പ്രശ്നം ഗുരുതരമാക്കുന്നു. കാലാവസ്ഥ വ്യതിയാനം ലോകത്തെവിടെയും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയാണ്, കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ കണ്ടതൊന്നും അല്ല തീ, കാലാവസ്ഥ വ്യതിയാനത്തിന്‍റെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ.
കാട്ടുതീ നിയന്ത്രിക്കുക എന്നത് ശാസ്ത്രീയവും സാങ്കേതികവുമായ ഒരു കാര്യമാണ്. ആദ്യമായി നമ്മുടെ കാടിന്‍റെ പൂർണ്ണമായ മാപ്പ് ഉണ്ടായിരിക്കണം, അതിന്‍റെ തീ പിടിക്കാനുള്ള സാധ്യത മുൻകൂർ വിശകലനം ചെയ്ത് റിസ്ക്ക് മാപ്പുകൾ ഉണ്ടാകണം. തീ പിടിക്കാതിരിക്കാൻ ചൂടുകാലത്തിന് മുൻപ് എടുക്കേണ്ട മുൻകരുതലുകൾ ഉണ്ട്. തീ പിടിച്ചാൽ ഏറ്റവും വേഗത്തിൽ അറിയാനുള്ള സംവിധാനം ഉണ്ടാകണം, തീ പിടിച്ചാൽ അതിനെ അണക്കാൻ ഹെലികോപ്റ്റർ പോലുള്ള സംവിധാനം വേണം. കാട്ടുതീ ഉണ്ടാകുന്ന കാലത്ത് സ്ഥിരമായി ഉപഗ്രഹ ചിത്രങ്ങൾ എടുത്ത് ഫയർ മാപ്പ് ഉണ്ടാക്കണം. എവിടെയാണ് തീ ഉണ്ടാകുന്നത്, എവിടെയാണ് തീ പരക്കുന്നത് എന്നൊക്കെ പോയി അന്വേഷിക്കാൻ ഹെലികോപ്റ്റർ അല്ലെങ്കിൽ ഡ്രോൺ സംവിധാനം ഉണ്ടാകണം. ഇതൊക്കെ ഇപ്പോൾ കംപ്യൂട്ടറിൽ സിമുലേഷൻ നടത്തിയാണ് അവിടുത്തെ ആളുകൾ പരിശീലിക്കുന്നത്. പോരാത്തതിന് വർഷാവർഷം വലിയ ഒരു കാട്ടുതീ ഉണ്ടാകുന്നതിന്‍റെ മോക്ക് ഡ്രില്ലും ഉണ്ട്. ഇതൊക്കെ വലിയ ചിലവുള്ളതും വ്യാപകമായ സംയോജനം വേണ്ടതുമായ കാര്യങ്ങളാണ്.
നമ്മുടെ സർക്കാരിന്‍റെ മൊത്തം നിയന്ത്രണത്തിൽ ഇവ പലതും ഉണ്ട്, ഉദാഹരണത്തിന് റിമോട്ട് സെൻസിങ്ങിനായി ഒരു വകുപ്പ് തന്നെയുണ്ട്. ദുരന്ത നിവാരണ അതോറിറ്റി വിചാരിച്ചാൽ ഡ്രോണുകൾ കൊണ്ടുവരാവുന്നതേ ഉള്ളൂ. വനം വകുപ്പിന്‍റെ അടുത്ത് ഇത്തരം ആധുനിക സംവിധാനങ്ങൾ കുറവാണ്. തീ പടരുമ്പോൾ വടിയുമായി ഓടിച്ചെന്നു തല്ലിക്കെടുത്തുന്ന സംവിധാനം കൊണ്ടൊന്നും ഇനിയുള്ള കാലത്ത് കാട്ടുതീ നിയന്ത്രിക്കാൻ പറ്റില്ല. വടി പിടിച്ചിരിക്കുന്നവരോട് എനിക്കൊന്നും പറയാനും ഇല്ല.
പക്ഷെ നമുക്ക് നല്ല മിടുക്കുള്ള ഒരു കാര്യമുണ്ട്. വനത്തിൽ പോകുന്നത് അങ്ങ് നിരോധിക്കുക. വെടിക്കെട്ട് മുതൽ ബോട്ടിങ് വരെ അപകടം വന്നാൽ ഉടൻ നിരോധനം അതൊരു നിർബന്ധം ആണ്. എന്ന് വച്ച് പേടിക്കാൻ ഒന്നുമില്ല, കുറച്ചു കഴിഞ്ഞാൽ ഒന്നും ചെയ്തില്ലെങ്കിലും നിരോധനം പിൻവലിക്കും. കാരണം അടുത്ത അപകടം വരുമ്പോൾ അല്ലെങ്കിൽ നിരോധിക്കാൻ പറ്റില്ലല്ലോ.
ഇതെന്തൊരു പ്രതികരണം ആണ് ? ട്രെക്കിങ്ങ് എന്ന വാക്ക് മലയാളികൾ കേട്ട് തുടങ്ങിയിട്ട് പത്തു വർഷമേ ആയിട്ടുള്ളൂ. നമ്മുടെ കുട്ടികൾ പണ്ടത്തേതിനേക്കാൾ കൂടുതൽ ഇപ്പോൾ ട്രെക്കിങ്ങ് എന്നൊക്കെ പറഞ്ഞു കാട് കയറുന്നുണ്ട്. ഇതൊരു നല്ല കാര്യമാണ്. ഇവർക്ക് വേണ്ടിയാണ് നമ്മൾ കാടും മലയും ഒക്കെ സംരക്ഷിക്കുന്നത്. ഇവരൊക്കെ ആണ് നാളെ നമ്മുടെ നാടും കാടും സംരക്ഷിക്കേണ്ടവർ. അവർ നാഷണൽ ജ്യോഗ്രഫിക്കിലൂടെ ആമസോണിനെയും ബോർണിയോവിലെ മഴക്കാടുകളെയും മാത്രം അറിഞ്ഞു വളർന്നാൽ നമ്മുടെ മലയും കാടും ഒക്കെ അത്യാഗ്രഹികൾ വെട്ടി വെളുപ്പിച്ചാലും കുഴിച്ചെടുത്താലും അവരുടെ മൊബൈലിൽ നിന്നും അവർ കണ്ണെടുക്കുകയില്ല. നമ്മുടെ കാടിന്‍റെ ഭംഗിയും ശക്തിയും അറിയുമ്പോൾ ആണ് അതൊക്കെ സംരക്ഷിക്കണം എന്നൊരു ചിന്ത ഉണ്ടാകുന്നത്. പക്ഷെ ഏതു കാട്ടിൽ എന്തിന് പോകാൻ ആണ് അനുവാദം വേണ്ടത്, ആരുടെ അനുവാദമാണ് വേണ്ടത്, എങ്ങനെയാണ് അതിന് അപേക്ഷിക്കുന്നത്, കാട്ടിൽ പോകുന്നതിന് മുൻപ് എന്തൊക്ക മുൻകരുതലുകൾ എടുക്കണം, കാട്ടിൽ ചെന്നാൽ എന്തൊക്കെ അപകടങ്ങൾ ഉണ്ടാകാം, അതിൽ നിന്നും രക്ഷപെടുത്താൻ വനം വകുപ്പിന്‍റെ എമർജൻസി റെസ്പോൺസ് സംവിധാനം എന്താണ്? ഇതൊന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്‍റെ വെബ് സൈറ്റിലോ കണ്ടുപിടിക്കാൻ എളുപ്പമുള്ള മറ്റൊരിടത്തോ ഇല്ല. വ്യക്തിപരമായോ ഔദ്യോഗികമായോ ഡിപ്പാർട്ട്മെന്റിൽ നല്ല പിടിയുണ്ടെങ്കിൽ വാഹനം തൊട്ടു ഗസ്റ്റ് ഹൌസ് വരെ വനത്തിന്‍റെ ഭംഗി ആസ്വദിക്കാൻ പലതുണ്ട് സംവിധാനങ്ങൾ. അല്ലാത്തവർക്ക് കാട്ടിൽ നിയമപരമായി പോവുക ദുഷ്‌ക്കരമാണ്, വെറുതെ അല്ല നിയമത്തിന്‍റെ അരികിൽ കൂടി കുട്ടികൾ കാട് കയറുന്നത്. അങ്ങനെ കയറുന്നവരെ സാമൂഹ്യ വിരുദ്ധർ മുതൽ ഫോറസ്റ്റ് ഗാര്‍ഡുമാർ വരെ വിരട്ടുകയോ അതിലപ്പുറം ചെയ്യുകയോ ചെയ്യുന്നു. ഇപ്പോഴിതാ നിരോധനവും.
മുൻപോട്ട് നോക്കാൻ ഇഷ്ടം ഉള്ളവർക്ക് കുരങ്ങിണിയിലെ അഗ്നിബാധയിൽ നിന്നും രണ്ടു കാര്യങ്ങൾ പഠിക്കാം.
1. എങ്ങനെയാണ് ശാസ്ത്രീയമായി നമ്മൾ കാട്ടുതീ എന്ന പ്രകൃതി പ്രതിഭാസത്തെ നേരിടേണ്ടത്?. അതിന് ഇപ്പോൾ എന്ത് സൗകര്യങ്ങൾ ഉണ്ട്?, ഇനി എന്തൊക്കെയാണ് വേണ്ടത്? ഇത്തരത്തിൽ ഏതെങ്കിലും ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചാൽ തീർച്ചയായും എന്‍റെ അഭിപ്രായവും പരിചയവും പങ്കുവെക്കാം. ലേഖനം എഴുതി നാട്ടുകാരെ മുഴുവൻ ഫയർ ബ്രേക്കും ഫയർ റിസ്കും പഠിപ്പിച്ചിട്ട് എന്ത് കാര്യം.
2. നമ്മുടെ വനങ്ങളെ നമ്മുടെ കുട്ടികളുമായി ബന്ധിപ്പിക്കാനുള്ള വിപുലമായ കർമ്മ പരിപാടി സംഘടിപ്പിക്കുക. ട്രെക്കിങ്ങിന് പറ്റിയ പ്രദേശങ്ങൾ, മാർഗ്ഗ നിർദേശങ്ങൾ, നേച്ചർ കാമ്പും ട്രെക്കിങ്ങ് ട്രിപ്പും നടത്താനുള്ള പരിശീലനം, അങ്ങനെ പോകുന്നവരുടെ സുരക്ഷാ സംവിധാനങ്ങൾ എന്നിങ്ങനെ ഒരു വലിയ തൊഴിൽ മേഖല തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം.
ഇതൊക്കെയാണ് ഇപ്പോൾ നമ്മുടെ വനം വകുപ്പ് ചെയ്യേണ്ടത്. ലോകത്തൊരിടത്തും നിയമം കൊണ്ടോ ആളുകളെ അടിച്ചോടിച്ചൊ അകറ്റി നിർത്തിയോ കാടുകളെ സംരക്ഷിക്കാൻ പറ്റിയിട്ടില്ല. നമ്മുടെ പുതിയ തലമുറയെ ശത്രുക്കളായി കണ്ട് മാറ്റി നിറുത്തിയാൽ അവർക്ക് വനത്തോട് പിന്നെ മമത ഉണ്ടാവില്ല. അത് കയ്യേറിയാലും കാട്ടുതീയിൽ നശിച്ചാലും അവർ പ്രതികരിക്കുകയും ഇല്ല. ഇപ്പോൾ കുട്ടികളെ വിരട്ടുന്ന ഫോറസ്റ്റുകാർക്ക് വയസ്സുകാലത്ത് റിട്ടയർ ആയ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ ഗതി വരും. പറഞ്ഞില്ല എന്ന് വേണ്ട.