റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ അപേക്ഷ
റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ പുതിയ അപേക്ഷ ഫോറം. പാസ്പോർട്ട് പുതിയത് എടുക്കാനും പുതുക്കാനും വ്യക്തി വിവരങ്ങൾ തിരുത്താനും പുതിയത് കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒറ്റ അപേക്ഷാ ഫോറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി.
റിയാദിലെ ഇന്ത്യൻ എംബസിയാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്തിയത്. പാസ്പോർട്ട് പുതിയത് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ് നിലവിലുമുള്ളത്. എന്നാൽ പാസ്പോർട്ടിലെ പേര് മാറ്റൽ, ഭാര്യ/ഭർത്താവിന്റെ പേര് ചേർക്കൽ/ഒഴിവാക്കൽ/തിരുത്തൽ, മാതാപിതാക്കളുടെ പേര് തിരുത്തൽ, ജനന തിയ്യതി/ജനന സ്ഥലം തിരുത്തൽ, ഫോട്ടോ/ വിലാസം/ഒപ്പ് മാറ്റൽ, ഇ.സി.ആർ സ്റ്റാറ്റസ് മാറ്റൽ എന്നീ സേവനങ്ങൾക്ക് വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു.
ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. പുതിയ ഫോറം ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.