ഒരിക്കല്‍ ഹിന്ദി സിനിമാ നായകന്‍; ഇപ്പോള്‍ കൊല്ലത്ത് പഴങ്കഞ്ഞി വിളമ്പുന്നു
ബോളിവുഡ് ഹിറ്റ് സിനിമയിലെ കേന്ദ്ര കഥാപാത്രം ഇപ്പോള്‍ കൊല്ലത്ത് ഭക്ഷണം വിളമ്പുന്നു. രുചിയൂറും വിഭവങ്ങള്‍ തിരഞ്ഞ് ഇവിടേയ്ക്ക് ഭക്ഷണപ്രിയരും വരുന്നു.
സൈഫ് അലിഖാന്‍ ചിത്രം ഷെഫിലെ കേന്ദ്ര കഥാപാത്രം ഫുഡ് ട്രക്കാണ് കൊല്ലം കടപ്പാക്കട റോഡരികില്‍ ഭക്ഷണം വിളമ്പുന്നത്. 35ലക്ഷം രൂപ മുടക്കി കേരളത്തിലെത്തിച്ച ഭക്ഷണക്കുട്ടപ്പന് പക്ഷെ പണത്തൂക്കത്തിന്‍റെ ജാടയില്ല. പഴങ്കഞ്ഞി മുതല്‍ പാല്‍ക്കഞ്ഞി വരെ നാടന്‍ വിഭവങ്ങളാണ് ഷെഫ്സ്റ്റോപ്പിന്‍റെ സവിശേഷത. സൈഫ് അലിഖാന്‍ ചിത്രത്തില്‍ നിറം പച്ചയായിരുന്നെങ്കില്‍ കേരളമായപ്പോള്‍ നിറം മാറി ചുവപ്പിച്ചെന്നു മാത്രം.
ഫൈവ്സ്റ്റാര്‍ തട്ടുകട
പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങളെല്ലാമുണ്ട് ഫുഡ് ട്രക്കിന്‍റെ അടുക്കളയില്‍.പച്ചക്കറി അറിയാന്‍ മേശ, അടുപ്പ്, കുടിവെള്ള ടാപ്പ്, അടുക്കളമണം അന്തരീക്ഷത്തിലേക്ക് പോകാന്‍ ഫാന്‍,ഫ്രിഡ്ജ് അങ്ങനെ എല്ലാം. ട്രക്കിന് അകത്തുള്ള കൈവരി കടന്ന് വണ്ടിയുടെ മുകള്‍ നിലയിലെത്താം.ഇരുപതു പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ട്രക്കിന്‍റെ ടെറസിലുണ്ട്.
പോ പോ അടിച്ച് വഴി തെളിക്കാം
ഫുഡ് ട്രക്കിനോട് ചേര്‍ന്ന് നാടന്‍ ഭക്ഷണപ്പുരയുണ്ട്. വേണ്ട ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ ജീവനക്കാരെത്തുന്നതും കാത്തിരിക്കേണ്ട. മേശയുടെ വശങ്ങളില്‍ പഴയ ബസിന്‍റെ ഹോണ്‍ ഉണ്ട്. അതില്‍ ഒന്ന് ഞെക്കുകയേ വേണ്ടൂ.ഭക്ഷണശാലയുടെ മേല്‍ക്കൂരയില്‍ വൈക്കോല്‍ പാകിയിരിക്കുന്നു.ബെഞ്ചും മേശയുമൊക്കെ തടിയില്‍ നിര്‍മിച്ചതാണ്. പഴയ ഹോട്ടലിന്‍റെ ഫീല്‍ കിട്ടും.വിളക്കുകളൊക്കെ കുട്ടയിലും സൈക്കിള്‍ ചക്രതിലുമൊക്കെ തൂക്കിയിരിക്കുന്നു.
വെറും കഞ്ഞിയല്ല പഴങ്കഞ്ഞി
പഴങ്കഞ്ഞി മുതല്‍ പാല്‍ക്കഞ്ഞി വരെയുണ്ട് ഇവിടെ. കപ്പ, മീന്‍ തല, പുട്ട് റോസ്റ്റ്,ഉണ്ണിയപ്പം, അരിയുണ്ട അങ്ങനെ വിഭവങ്ങള്‍ അനവധി. ഭക്ഷണം തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്.
ഇങ്ങനെ കടപ്പാക്കട ഇപ്പോള്‍ ഷെഫ് സ്റ്റോപ്പ് വന്നതോടെ ഭക്ഷണപ്രിയര്‍ക്ക് വായില്‍ കപ്പല്‍ കടയാവുകയാണ്